വെയര്‍ഹൗസ്‌ തകര്‍ത്ത് സിഗിരറ്റ് മോഷണം; യുഎഇയില്‍ അഞ്ച് പ്രവാസികള്‍ക്ക് ശിക്ഷ

By Web TeamFirst Published Jan 13, 2021, 10:31 PM IST
Highlights

ഫുഡ് ട്രേഡിങ് കമ്പനിയുടെ ഉടമയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് പേര്‍ വെയര്‍ഹൗസില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായും പിന്നീട് ക്യാമറകള്‍ തകര്‍ക്കുന്നതായും കണ്ടെത്തി. 

അജ്‍മാന്‍: വെയര്‍ഹൗസില്‍ അതിക്രമിച്ച് കടന്ന് മോഷണം നടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് അജ്‍മാന്‍ കോടതി ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. 65,000 ദിര്‍ഹം വിലവരുന്ന സിഗിരറ്റ് പാക്കറ്റുകളും എനര്‍ജി ഡ്രിങ്കുകളുമാണ് സംഘം മോഷ്‍ടിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ് ട്രേഡിങ് കമ്പനിയുടെ ഉടമയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് പേര്‍ വെയര്‍ഹൗസില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായും പിന്നീട് ക്യാമറകള്‍ തകര്‍ക്കുന്നതായും കണ്ടെത്തി. സിഗിരറ്റ് പാക്കറ്റുകളുടെയും എനര്‍ജി ഡ്രിങ്കുകളുടെയും വന്‍ശേഖരം ഇവര്‍ അപഹരിച്ചിരുന്നു. ഇതിന് പുറമെ ഇവിടെ സൂക്ഷിച്ചിരുന്ന പണവും മോഷ്‍ടിച്ചു.

അന്വേഷണത്തിനൊടുവില്‍ പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവത്തിന്റെ സൂത്രധാരനായ ഒരാള്‍ വെയര്‍ഹൗസ് കൊള്ളയടിക്കാന്‍ മറ്റ് മൂന്ന് പേരെയുമായി എത്താന്‍ രണ്ടാമനോട് നിര്‍ദേശിക്കുകയായിരുന്നു. മോഷ്‍ടിച്ച വസ്‍തുക്കള്‍ 26,500 ദിര്‍ഹത്തിന് വാങ്ങാമെന്നും ഇയാള്‍ സമ്മതിച്ചിരുന്നു. നാല് പേരാണ് മോഷണത്തില്‍ പങ്കെടുത്തത്. ഒരാള്‍ പരിസരം വീക്ഷിച്ചുകൊണ്ടിരുന്നു. മോഷണമുതല്‍ വിറ്റുകിട്ടിയ പണം തുല്യമായി പങ്കിട്ടെന്നും ഇവര്‍ പറഞ്ഞു.

click me!