Expo 2020 : എക്‌സ്‌പോ 2020: 70 ദിവസത്തിനിടെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

By Web TeamFirst Published Dec 11, 2021, 11:09 PM IST
Highlights

ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ നടന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ പരിപാടികളും വരുന്ന ആഴ്ചകളില്‍ പവലിയനില്‍ സംഘടിപ്പിക്കും. 
 

ദുബൈ: എക്‌സ്‌പോ 2020 ദുബൈ(Expo 2020 Dubai) ഇന്ത്യന്‍ പവലിയനില്‍(Indian Pavilion) സന്ദര്‍ശകരുടെ എണ്ണം അഞ്ചു ലക്ഷം പിന്നിട്ടു. 70 ദിവസത്തിനിടെയാണ് ഇന്ത്യന്‍ പവലിയനില്‍ ഇത്രയും സന്ദര്‍ശകരെത്തിയത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. 

ഇന്ത്യയുടെ ലക്ഷ്യങ്ങള്‍, അഭിമാനകരമായ നേട്ടങ്ങള്‍, ഇന്ത്യയുടെ പങ്കാളിത്തങ്ങള്‍, ജനങ്ങള്‍ എന്നിവയെ പ്രതിഫലിപ്പിക്കുന്ന എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാനായതില്‍ അഭിമാനമുണ്ടെന്നും ആധുനിക ഇന്ത്യയുടെ സാധ്യതകളും കഴിവും കാണാനുള്ള സന്ദര്‍ശകരുടെ പ്രവാഹത്തില്‍ സന്തോഷമുണ്ടെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ നടന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ പരിപാടികളും വരുന്ന ആഴ്ചകളില്‍ പവലിയനില്‍ സംഘടിപ്പിക്കും. 

📢 Milestone Alert!

Indian pavilion achieves 5⃣ Lakh+ footfalls! 👣 stands tall, showcasing our capabilities in achieving ambitious goals for global good, which reflects India's Partnerships, Pride & its People. 🇮🇳 pic.twitter.com/63KTpcccM6

— Piyush Goyal (@PiyushGoyal)

ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവലിയനില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ബാഹ്യരൂപകല്‍പ്പന. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശന പരിപാടികള്‍ നടക്കുക. കാലാവസ്ഥയും ജൈവവൈവിധ്യവും, ബഹിരാകാശം, നാഗരിക, ഗ്രാമീണ വികസനം, സഹിഷ്ണുതയും ഉള്‍ക്കൊള്ളലും, സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം എന്നിവ ഉള്‍പ്പെടുന്നതാണ് വിവിധ പ്രമേയങ്ങള്‍. ഇന്ത്യ ഊന്നല്‍ നല്‍കുന്ന ഐ ടി, സ്റ്റാര്‍ട്ടപ്പുകള്‍ അടങ്ങുന്ന 'ഇന്ത്യന്‍ ഇന്നൊവേഷന്‍ ഹബ്' പവലിയനിലെ മറ്റൊരു ആകര്‍ഷണമാണ്.

click me!