യുഎഇയില്‍ ഇനി അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ; മാനദണ്ഡങ്ങള്‍ ഇവയാണ്

By Web TeamFirst Published May 2, 2019, 3:45 PM IST
Highlights

ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, അബുദാബി ബിസിനസ് ഇന്‍കുബേറ്റര്‍ ഹബ്, ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നചതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ കഴിഞ്ഞദിവസം ഒപ്പുവെച്ചത്. 

അബുദാബി: സംരംഭകര്‍ക്കും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇനി യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. രാജ്യത്ത് സംരംഭകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്. 

ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, അബുദാബി ബിസിനസ് ഇന്‍കുബേറ്റര്‍ ഹബ്, ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നചതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ കഴിഞ്ഞദിവസം ഒപ്പുവെച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പുറമെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കരാറുകളില്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ നവംബറിലാണ് അഞ്ച് വര്‍ഷത്തേക്കും പത്ത് വര്‍ഷത്തേക്കുമുള്ള വിസകള്‍ അനുവദിക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചത്. 50 ലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപമോ അല്ലെങ്കില്‍ അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ ബിസിനസ് പദ്ധതികളോ സ്വന്തമായുള്ളവര്‍ക്കാണ് അഞ്ച് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. ഇവര്‍ക്ക് ബിസിനസ് ആരംഭിച്ച ശേഷം മാനദണ്ഡങ്ങള്‍ പാലിച്ച് 10 വര്‍ഷ വിസയ്ക്ക് അപേക്ഷ നല്‍കാനുമാവും. വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷ വിസ ലഭിക്കാന്‍ സെക്കന്ററി തലത്തില്‍ 95 ശതമാനം മാര്‍ക്ക് വേണം. ഒപ്പം 3.7ല്‍ കുറയാത്ത ജി.പി.എയോടുകൂടി ബിരുദവും ആവശ്യമാണ്.

ഡോക്ടര്‍മാര്‍, വിവിധ രംഗങ്ങളിലെ വിദഗ്ദര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ക്ക് പത്തുവര്‍ഷത്തെ വിസക്ക് അപേക്ഷിക്കാം. നിക്ഷേപകര്‍ക്ക് ഒരു കോടി ദിര്‍ഹത്തിന് മുകളില്‍ നിക്ഷേപമുണ്ടെങ്കിലേ 10 വര്‍ഷ വിസ ലഭിക്കൂ. 
 

click me!