
ഡെന്‍വര്‍: യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ അപ്രതീക്ഷിത സംഭവം. ഉടന്‍ തന്നെ അടിയന്തരമായി വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.
108 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 737-700 വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി കത്തുകയായിരുന്നു. ഇതില്‍ നിന്നുയര്‍ന്ന തീ വിമാനത്തിന്‍റെ സീറ്റിലേക്ക് പടരുകയുമായിരുന്നു. വിമാനത്തിന്‍റെ സീറ്റില്‍ തീനാളങ്ങള്‍ ആളിപ്പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായതായി സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ആളുകള്‍ പരിഭ്രാന്തരായി നടക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം നടന്ന ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ, യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് അലറിവിളിച്ചു. വേഗം തന്നെ പുറത്തിറങ്ങാന്‍ അവര്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. പെട്ടെന്നുണ്ടായ സംഭവത്തില്‍ തങ്ങളുടെ ലഗേജും കയ്യിലെടുത്ത് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
വിമാനത്തിന്‍റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റ് വഴിയും മുന്നിലുണ്ടായിരുന്നവരെ ജെറ്റ് ബ്രിഡ്ജ് വഴിയും പുറത്തേക്ക് ഇറക്കിയതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും സ്ഥിരീകരിച്ചു. ഒഴിപ്പിക്കലിനിടെ ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. ഫോണിന്‍റെ ഉടമയായ യാത്രക്കാരന് തീപിടിത്തത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കി. വളരെ പെട്ടെന്ന് നടപടിയെടുത്ത ക്രൂ അംഗങ്ങള്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തീ നിയന്ത്രണവിധേയമാക്കി. മറ്റ് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം വിമാനം യാത്ര തുടര്‍ന്നു. ഹൂസ്റ്റണിലെ വില്യം പി ഹോബി എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ