ജൈറ്റെക്‌സ് ആഗോള പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ സംസ്‌കരണ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധേയമാകുന്നു

By Web TeamFirst Published Oct 24, 2021, 10:48 PM IST
Highlights

ഈ ആധുനിക സാങ്കേതിക വിദ്യയിലൂടെ ഭക്ഷ്യ വസ്തുക്കള്‍ ഉണക്കി സൂക്ഷിച്ചിരുന്ന പാരമ്പര്യ രീതിയില്‍ ഗുണമേന്മയും രുചിയും കൂടുതല്‍ തനിമയോടെ നില നിര്‍ത്താന്‍ സാധിക്കുന്നതായും ഡോ പ്രിയ പറഞ്ഞു.

ദുബൈ: പെലിക്കന്‍ തെര്‍മോജെനിക്‌സ് കമ്പനി വികസിപ്പിച്ചെടുത്ത മൈക്രോവേവ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ജലീകരണ സംവിധാനത്തിലൂടെ  ഭക്ഷ്യ സംസ്‌കരണം സാധ്യമാകുന്നതിന്റെ അവതരണം ജൈറ്റെക്സ്( GITEX)പ്രദര്‍ശന നഗരിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. 
കൃത്യമായ സംഭരണ വിതരണ സംവിധാനങ്ങളുടെ അഭാവത്താല്‍ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് ചീഞ്ഞഴുകി നശിക്കുന്നത്. എന്നാല്‍ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മാംസ്യം, മത്സ്യം, എന്നിവ അവയുടെ സ്വാഭാവിക തനിമ നഷ്ടപ്പെടാതെ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കുന്നതിന് പെലിക്കന്‍ തെര്‍മോജെനിക്‌സ് കമ്പനി വികസിപ്പിച്ചെടുത്ത മള്‍ടിപ്പില്‍  മാഗ്‌നെട്രോണ്‍ ഹീറ്റിങ്  (MuMaH)  സാങ്കേതിക വിദ്യയിലൂടെ  സാധിക്കുമെന്ന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കമ്പനിയുടെ  സ്ഥാപകയും സി ഇ ഒ യുമായ ഡോ പ്രിയ പറഞ്ഞു.

ഇത് ഗ്രാമീണ മേഖലയിലും ചെറുപട്ടണങ്ങളിലും ചെറുകിട കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ഉപകരപ്രദമായിരിക്കുമെന്നും അതവരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവും ജീവിതനിലവാരത്തില്‍ പുരോഗതിയും ഉണ്ടാക്കുമെന്നും ഡോ പ്രിയ പറഞ്ഞു. ഈ ആധുനിക സാങ്കേതിക വിദ്യയിലൂടെ ഭക്ഷ്യ വസ്തുക്കള്‍ ഉണക്കി സൂക്ഷിച്ചിരുന്ന പാരമ്പര്യ രീതിയില്‍ ഗുണമേന്മയും രുചിയും കൂടുതല്‍ തനിമയോടെ നില നിര്‍ത്താന്‍ സാധിക്കുന്നതായും ഡോ പ്രിയ പറഞ്ഞു. ഭക്ഷ്യ വസ്തുക്കളില്‍ 80 ശതമാനവും വെള്ളമാണ്. നിര്‍ജലീകരണത്തിലൂടെ അവയുടെ ഭാരം കുറയുകയും കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യുന്നതിലൂടെ ചരക്കുനീക്കത്തിലുണ്ടാകുന്ന ടണ്‍ കണക്കിന് കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറക്കാനും സാധിക്കുവെന്നും ഡോ പ്രിയ വിശദീകരിക്കുന്നു . 

ചെറുകിട കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും താങ്ങാവുന്ന വിലക്ക് ലഭ്യമാകുന്ന അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള മോഡുലാര്‍ സംവിധാനം ലോകത്ത് തന്നെ ആദ്യമാണ്. MUMAH എന്ന ഈ സാങ്കേതിക വിദ്യക്ക് ഇന്ത്യ, യു എസ് എ, ഓസ്‌ട്രേലിയ, ചൈന, യൂറോപ്പ് എന്നിവിടങ്ങളില്‍ പേറ്റന്റുണ്ട്. ആഗോള തലത്തില്‍ തന്നെ കണ്ടുപിടുത്തങ്ങളും പുതിയ സാങ്കേതിക വിദ്യകളും കണ്ടെത്തുകയും, രാജ്യാന്തര  പുരസ്‌ക്കാരങ്ങള്‍  നേടുകയും ചെയ്ത സ്റ്റാര്‍ട്ടപ്പുകളും കമ്പനികളുമാണ് ദുബായില്‍ നടക്കുന്ന ജൈറ്റെക്സില്‍ പങ്കെടുക്കുന്നത്. 

ജൈറ്റെക്സ് ദുബായില്‍ എത്തിചേര്‍ന്ന അന്താരാഷ്ട്ര നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ ഈ നൂതന സാങ്കേതിക വിദ്യയുടെ വാണിജ്യ സാധ്യതകള്‍ മനസിലാക്കി ഈ ഉത്പന്നത്തിന് വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പെലിക്കന്‍ തെര്‍മോജെനിക്‌സ് പ്രോട്ടോടൈപ്പ് വിജയകരമായി വികസിപ്പിച്ചെന്നും വാണിജ്യ മാതൃക വികസനത്തിന്റെ വളരെ പുരോഗമിച്ച ഘട്ടത്തിലാണെന്നും ഡോ പ്രിയ കൂട്ടിച്ചേര്‍ത്തു. പെലിക്കാന്‍ തെര്‍മോജെനിക്‌സ് ഇപ്പോള്‍ കേരള കാര്‍ഷിക സര്‍വകലാശാല ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-കോഴിക്കോട് എന്നിവയില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുണ്ട്, ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയുമുണ്ട്.

click me!