
റിയാദ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ(climate change) വെല്ലുവിളികളെ നേരിടാന്‍ ഹരിത സൗദി(green Saudi) പദ്ധതിയുമായി സൗദി അറേബ്യ(Saudi Arabia). ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 2060ഓടെ പൂര്‍ണമായും നിയന്ത്രിച്ച്, നെറ്റ് സീറോ എമിഷനില്‍ എത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശിയും ഗ്രീന്‍ സൗദി അറേബ്യയുടെ സുപ്രീം കമ്മറ്റി ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഗ്രീന്‍ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജിന് തുടക്കമായതായി അദ്ദേഹം അറിയിച്ചു. ഗ്രീന്‍ സൗദി ഇനിഷ്യേറ്റീവ് ഫോറം ആദ്യ പതിപ്പ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹരിത സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 70,000 കോടിയിലേറെ റിയാല്‍ നിക്ഷേപങ്ങളോടെയുള്ള പദ്ധതികള്‍ കിരീടാവകാശി പ്രഖ്യാപിച്ചു. ഹരിത സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും ഗുണനിലവാരമുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യ മേഖലയ്ക്ക് വലിയ നിക്ഷേപ അവസരങ്ങള്‍ നല്‍കാനും 70,000 കോടിയിലേറെ റിയാലിന്റെ നിക്ഷേപ പദ്ധതികള്‍ സഹായിക്കും.
2030ഓടെ രാജ്യത്ത് 450 ദശലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക, എട്ട് ദശലക്ഷം ഹെക്ടര്‍ നശിച്ച ഭൂമിയുടെ പുനരധിവാസം, പുതിയ സംരക്ഷിത പ്രദേശങ്ങള്‍ ഒരുക്കുക, 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 270 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ തലസ്ഥാന നഗരിയായ റിയാദിനെ കൂടുതല്‍ സുസ്ഥിരമാക്കാനാണ് ശ്രമമെന്ന് കിരീടാവകാശി പറഞ്ഞു. 2060ല്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാനാണ് സൗദിയുടെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ