ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍

By Web TeamFirst Published Jul 22, 2019, 12:01 AM IST
Highlights

2018 മെയ് മാസത്തെ ജനസംഖ്യയിൽ നിന്നും 65,397 വിദേശികളുടെ കുറവാണ് ഒമാൻ ദേശിയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കഴിഞ്ഞ മെയ് 31 വരെയുള്ള ഒമാനിലെ ജനസംഖ്യയിൽ 20 ലക്ഷം വിദേശികളാണ് രാജ്യത്ത് സ്ഥിര താമസക്കാരായിട്ടുള്ളത്

മസ്ക്കറ്റ്: ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നതായി ദേശിയ സ്ഥിതി വിവര മന്ത്രാലയം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 65,000 പ്രവാസികള്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. സ്വദേശിവത്കരണം നടപ്പിലാക്കുവാൻ രാജ്യത്ത് എര്‍പ്പെടുത്തിയിരിക്കുന്ന തൊഴിൽ വിസ നിയന്ത്രണങ്ങളാണ് കാരണം. 2018 മെയ് മാസത്തെ ജനസംഖ്യയിൽ നിന്നും 65,397 വിദേശികളുടെ കുറവാണ് ഒമാൻ ദേശിയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ കഴിഞ്ഞ മെയ് 31 വരെയുള്ള ഒമാനിലെ ജനസംഖ്യയിൽ 20 ലക്ഷം വിദേശികളാണ് രാജ്യത്ത് സ്ഥിര താമസക്കാരായിട്ടുള്ളത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി പത്തു വിഭാഗങ്ങളിലെ 87 തസ്തികയിലേക്കുള്ള വിസ നിരോധനം വിദേശികളുടെ തൊഴിൽ അവസരങ്ങൾ രാജ്യത്ത് കുറയുവാൻ കാരണമായി.

ഒരു തൊഴിൽ ഉടമയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ കരാർ മാറുന്നതിനു കർശന നിയമമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇത് മൂലം ധാരാളം വിദേശികൾ സ്വദേശത്തുക്ക് മടങ്ങി. കൂടാതെ എണ്ണ വിലയിടിവ് മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ നിര്‍മ്മാണ കമ്പനികളെ സാരമായി ബാധിച്ചു.

പുതിയ നിർമാണ കരാറുകൾ ലഭിക്കാത്തതുകൊണ്ടും നാട്ടിലേക്ക് മടങ്ങിയ വിദേശികള്‍ ഏറെയാണ്. രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം വിദേശികളുടെ എണ്ണം ഇനിയും കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

click me!