സൗദിയിലുള്ള വിദേശികൾക്ക് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്നതിന് അപേക്ഷ നൽകാം

By Web TeamFirst Published Jul 7, 2020, 1:37 AM IST
Highlights

സൗദിയിലുള്ള വിദേശികൾക്ക് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്നതിന് ഇന്നലെ മുതൽ അപേക്ഷ നൽകാം. ഹജ്ജ് പെരുമാറ്റച്ചട്ടങ്ങളും പ്രഖ്യാപിച്ചു.

റിയാദ്: സൗദിയിലുള്ള വിദേശികൾക്ക് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്നതിന് ഇന്നലെ മുതൽ അപേക്ഷ നൽകാം. ഹജ്ജ് പെരുമാറ്റച്ചട്ടങ്ങളും പ്രഖ്യാപിച്ചു. പുണ്യ നഗരങ്ങളിലേക്ക് പ്രവേശനം അനുമതിയുള്ളവർക്കു മാത്രം.

ജൂലൈ പത്തുവരെയാണ് സൗദിയിലുള്ള വിദേശികൾക്ക് ഹജ്ജിന് അപേക്ഷിക്കാൻ അവസരമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  കൊവിഡ് 19, ഹൃദ്‌രോഗം, രക്തസമ്മർദ്ദം, പ്രമേഹം, മാനസിക പ്രശ്‌നം എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാവില്ല.

മാത്രമല്ല ഇരുപതിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവു എന്നും നിബന്ധനയുണ്ട്.  നേരത്തെ ഹജ്ജ് ചെയ്തവർക്കും അപേക്ഷിക്കാനാകില്ലെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു. 
അതേസമയം തീർത്ഥാടകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ദേശീയ രോഗപ്രതിരോധ കൺട്രോൾ സെന്റർ പ്രഖ്യാപിച്ചു.

പുണ്യ സ്ഥലങ്ങളിലും തീർത്ഥാടകരുടെ താമസസ്ഥലങ്ങൾ, ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലും തീർത്ഥാടകർ ശ്രദ്ദിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദ്ദേശങ്ങളാണ് പെരുമാറ്റച്ചട്ടത്തിലുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഹജ്ജ് നിർവ്വഹിക്കുന്നത് സൌദിയിലുള്ളവർക്കുമാത്രമായി പരിമിതപ്പെടുത്തിയിരുന്നു.  തീർത്ഥാടകരുടെ എണ്ണത്തിലും കുറവ് വരുത്തിയിരുന്നു. സൗദിയിലുള്ള വിദേശികളിൽ നിന്നും സ്വദേശികളിൽ നിന്നുമായി പതിനായിരം പേർക്ക് മാത്രമാണ് ഈ വർഷത്തെ ഹജ്ജിന് അവസരമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്. 

അതതു എംബസികളുമായും കോൺസുലേറ്റുകളുമായും ബന്ധപ്പെട്ടാണ് സൗദിയിലുള്ള വിദേശികളെ ഹജ്ജിന് തിരഞ്ഞെടുക്കുകയെന്നും ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബൻതൻ നേരത്തെ അറിയിച്ചിരുന്നു.

click me!