കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് പാർലമെന്റ് സമിതി അംഗീകാരം

By Web TeamFirst Published Jul 7, 2020, 1:19 AM IST
Highlights

കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് പാർലമെന്റ് സമിതി അംഗീകാരം നൽകി. ഇത് പ്രകാരം വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി പരിമിതപ്പെടുത്തും. ബില്ല് പ്രാബല്യത്തിൽ വന്നാൽ ഇന്ത്യക്കാരെയാണ് ദോഷകരമായി ബാധിക്കുക.


കുവൈത്ത് സിറ്റി: കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് പാർലമെന്റ് സമിതി അംഗീകാരം നൽകി. ഇത് പ്രകാരം വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി പരിമിതപ്പെടുത്തും. ബില്ല് പ്രാബല്യത്തിൽ വന്നാൽ ഇന്ത്യക്കാരെയാണ് ദോഷകരമായി ബാധിക്കുക.

കുവൈത്തിൽ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന് നിരവധി കോണുകളിൽ നിന്നു ഉയരുന്ന ദീർഘകാലമായുള്ള ആവശ്യമാണ്. ഇത് പാർലമെൻറിന്റെ നിയമ നിർമ്മാണ സമിതിക്ക് വിടുകയും ചെയ്തിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് വിദേശി പൗരന്മാരുടെ എണ്ണം സ്വദേശികളുടെ എണ്ണത്തിനു ആനുപാതികമാക്കണമെന്ന നിർദേശമുള്ളത്. നിലവിൽ 10 ലക്ഷത്തിലധികമുള്ള ഇന്ത്യക്കാരെയാണ് ഇത് ദോഷകരമായി ബാധിക്കുക. 

നിർദ്ദേശം നടപ്പിലായാൽ കുവൈത്തിൽ ഇന്ത്യക്കാരുടെ എണ്ണം പതിനഞ്ച് ശതമാനമായി കുറയും. ഇതുവഴി ഏഴ് ലക്ഷത്തോളം ഇന്ത്യക്കാർ തിരിച്ച് പോകേണ്ടതായി വരും. പാർലമെൻറ് സമിതി അംഗീകരിച്ച ബിൽ ഇനി പാർലമെൻറും, മന്ത്രിസഭയും അംഗീകരിക്കണം. എങ്കിൽ മാത്രമെ ബിൽ പ്രാബല്യത്തിൽ വരു. 

കുവൈത്തിലെ ആകെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം വിദേശികളാണ്. കൊവിഡ് പടർന്ന് പിടിച്ചതോടെ കുവൈത്തിലെ നിയമവിദഗ്ദ്ധരും, ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിലെ വർദ്ധിച്ച് വരുന്ന വിദേശീ സമൂഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

click me!