സൗദിയിൽ വിദേശ തൊഴിലാളികൾ 76 ശതമാനം; സ്വദേശി തൊഴിലില്ലായ്മ കുറഞ്ഞു

By Web TeamFirst Published Dec 16, 2019, 11:49 PM IST
Highlights

ഓർഗനൈസേഷൻ ഓഫ് ജനറൽ ഇൻഷുറൻസ് (ഗോസി), മാനവ വിഭവ നിധി (ഹദഫ്), നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നിവയിൽ നിന്നുള്ള സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് അതോറിറ്റി റിപ്പോർട്ട്.

റിയാദ്: സൗദി അറേബ്യൻ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് പുറത്തുവിട്ട ഈ വർഷത്തെ അവസാന ക്വാർട്ടർ റിപ്പോർട്ടിലാണ് സ്വദേശി വിദേശികളുടെ എണ്ണം 76 ശതമാനമാണെന്ന് കാണിക്കുന്നത്. അതേസമയം, സ്വദേശി യുവതീയുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ കുറഞ്ഞു. 130 ലക്ഷം തൊഴിലാളികളിൽ 31 ലക്ഷം പേരാണ് സ്വദേശികൾ. ബാക്കി മുഴുവനും വിദേശികളാണ്. 

സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായാണ് കുറഞ്ഞത്. തൊഴിൽ മന്ത്രാലയം, സൗദി ഓർഗനൈസേഷൻ ഓഫ് ജനറൽ ഇൻഷുറൻസ് (ഗോസി), മാനവ വിഭവ നിധി (ഹദഫ്), നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നിവയിൽ നിന്നുള്ള സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് അതോറിറ്റി റിപ്പോർട്ട്.
 
വിവിധ സർക്കാർ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത സ്വദേശി ഉദ്യോഗാർത്ഥികളുടെ എണ്ണം 10,25,328 ആണ്. എന്നാൽ, ഈ തൊഴിൽ അന്വേഷകരെല്ലാം തൊഴിൽ രഹിതരല്ലെന്നും ചിലർ സ്വന്തമായി ജോലി ചെയ്യുന്നവരാണെന്നും അതോറിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഭ്യന്തര നിക്ഷേപ മേഖലയിലും സ്വദേശി പൗരന്മാരുടെ പങ്കാളിത്തം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
 

click me!