യുഎഇയില്‍ ജോലി വാഗ്ദാനം ചെയ്‍ത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published Sep 9, 2021, 9:21 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ഒരു റസ്റ്റോറന്റില്‍ വെച്ചാണ് പ്രതി, യുവതിയെ പരിചയപ്പെട്ടത്. താന്‍ ഹെയര്‍ഡ്രസറായി ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. 

ദുബൈ: വിദേശ യുവതിക്ക് ജോലി വാഗ്ദാനം ചെയ്‍ത് താമസ സ്ഥലത്തെത്തിച്ച ശേഷം പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍ത സംഭവത്തില്‍ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. 35 വയസുകാരനായ അറബ് വംശജന് 15 വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ചത്. യൂറോപ്പില്‍ നിന്ന് ദുബൈയിലെത്തിയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ഒരു റസ്റ്റോറന്റില്‍ വെച്ചാണ് പ്രതി, യുവതിയെ പരിചയപ്പെട്ടത്. താന്‍ ഹെയര്‍ഡ്രസറായി ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. മുടി പരിപാലിക്കുന്നതിനുള്ള ചില ഉത്പന്നങ്ങള്‍ താന്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാമെന്ന് അറിയിച്ചു. ഒപ്പം ഒരു സലൂണില്‍ നല്ല ശമ്പളത്തില്‍ ജോലിയും വാഗ്ദാനം ചെയ്‍തു. ഇയാളുടെ വാക്ക് വിശ്വസിച്ച തന്നെ, സ്വന്തം താമസ സ്ഥലത്തേക്കാണ് പ്രതി കൂട്ടിക്കൊണ്ട് പോയതെന്ന് യുവതി പറഞ്ഞു. 

മുറിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ബെഡിലേക്ക് തള്ളിയിട്ടു. ബഹളം വെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പ്രതി, യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മുറിയ്‍ക്ക് പുറത്ത് മറ്റൊരാളുടെ ശബ്‍ദം കേട്ടപ്പോള്‍ യുവതി ബഹളം വെയ്‍ക്കുകയും പ്രതിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‍തതോടെയാണ് രക്ഷപ്പെടാനായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചെങ്കിലും ഇയാള്‍ പിന്നീട് വിചാരണയ്‍ക്കിടെ മൊഴിമാറ്റി. യുവതി സ്വന്തം ഇഷ്‍ടപ്രകാരം തന്നോടൊപ്പം വന്നതാണെന്ന് ഇയാള്‍ വാദിച്ചു. കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ കോടതി 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

click me!