
റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങാനും നടത്താനുമുള്ള നിയമങ്ങൾ ഭേദഗതി ചെയ്തു. ചൊവ്വാഴ്ച തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം നിയമഭേദഗതിക്ക് അംഗീകാരം നൽകി. 18 വർഷമായി നിലവിലുണ്ടായിരുന്ന നിയമാവലിയിലാണ് കാതലായ മാറ്റം വരുത്തിയത്.
ഇതോടെ സ്വദേശി ഡോക്ടർക്ക് മാത്രമേ സൗദി അറേബ്യയിൽ ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ പോലുള്ള ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങാനും നടത്താനുമാകൂ. മാത്രമല്ല ഉടമ അതേ സ്ഥാപനത്തിൽ മുഴുവൻ സമയ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയും വേണം. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അവതരിപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നെന്ന് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ച വാർത്താവിനിമയ മന്ത്രി തുർക്കി അൽശബാന പറഞ്ഞു.
മന്ത്രിസഭ അംഗീകാരം നൽകിയതോടെ ഭേദഗതി നിയമമായി. 2019 ഡിസംബർ ഒമ്പതിന് ചേർന്ന ശുറാ കൗൺസിൽ യോഗം ഭേദഗതിക്ക് പ്രാഥമികാംഗീകാരം നൽകിയിരുന്നു. 2003 ജനുവരി ആറ് മുതൽ രാജ്യത്ത് നടപ്പായ ആരോഗ്യസ്ഥാപന നിയമാവലിയിലാണ് ഭേദഗതി വരുത്തിയത്. നിയമാവലി അനുഛേദം രണ്ടിലെ ഖണ്ഡിക രണ്ടാണ് ഭേദഗതി ചെയ്തത്. സ്ഥാപനത്തിെൻറ ഉടമ ഡോക്ടറാവുക, സ്വദേശി പൗരനാവുക, മുഴുവൻ സമയ ജീവനക്കാരനാവുക എന്നതാണ് പുതിയ നിബന്ധന. സ്ഥാപനം ഏത് വിഭാഗത്തിലാണോ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് അതെ വിഭാഗത്തിൽ സ്പെഷ്യലൈസ് ചെയ്ത മെഡിക്കൽ ബിരുദമാണ് ഉടമയ്ക്ക് വേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam