ബഹ്റൈന്‍ - ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാവും

By Web TeamFirst Published Oct 18, 2020, 10:32 AM IST
Highlights

ഇസ്രയേലില്‍ നിന്ന് മനാമയിലെത്തിയ പ്രതിനിധി സംഘവും ബഹ്റൈന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞായറാഴ്‍ച പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെയ്‍ക്കുമെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചത്. 

മനാമ: ഇസ്രയേലും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഞായറാഴ്ച ഔദ്യോഗിക തുടക്കമാവും. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളോടെയായിരിക്കും ഇതെന്ന് ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്.

ഇസ്രയേലില്‍ നിന്ന് മനാമയിലെത്തിയ പ്രതിനിധി സംഘവും ബഹ്റൈന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞായറാഴ്‍ച പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെയ്‍ക്കുമെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചത്. കരാറില്‍ ഒപ്പുവെയ്ക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും പരസ്‍പരം എംബസികള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ്  രാജ്യങ്ങളാണ് യുഎഇയും ബഹ്റൈനും. നേരത്തെ 1979ല്‍ ഈജിപ്‍ത്, ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 1994ല്‍ ജോര്‍ദാനാണ് ഇതിനുമുമ്പ് ഇസ്രയേലുമായി കരാര്‍ ഒപ്പുവെച്ചത്.

click me!