വീടിനുള്ളില്‍ മദ്യ നിര്‍മാണം; സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Jun 7, 2020, 9:41 PM IST
Highlights

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതാണ് വന്‍ മദ്യവേട്ടയിലേക്ക് നയിച്ചത്. ഭാഗിക യാത്രാ വിലക്ക് നിലനിന്ന സമയത്ത് ഇത് ലംഘിച്ച് ഒരാള്‍ നടന്നുപോകുന്നത് പട്രോളിങ് ഡ്യട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീടിനുള്ളില്‍ മദ്യം നിര്‍മിച്ച നാലംഗ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. അദാന്‍ ഏരിയയില്‍ നടത്തിയ റെയ്ഡിലാണ് വന്‍തോതില്‍ മദ്യവും നിര്‍മാണ സാമഗ്രികളും പിടികൂടിയത്. രണ്ട് സ്ത്രീകളുള്‍പ്പെടെ പിടിയിലായ നാല് പേരും നേപ്പാള്‍ സ്വദേശികളാണ്.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതാണ് വന്‍ മദ്യവേട്ടയിലേക്ക് നയിച്ചത്. ഭാഗിക യാത്രാ വിലക്ക് നിലനിന്ന സമയത്ത് ഇത് ലംഘിച്ച് ഒരാള്‍ നടന്നുപോകുന്നത് പട്രോളിങ് ഡ്യട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. നേപ്പാള്‍ പൗരനായ ഇയാളുടെ കൈവശം ഒരു കറുത്ത ബാഗുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര ബദ്ധമില്ലാതെ സംസാരിക്കാന്‍ തുടങ്ങി.

ഇതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചതോടെ സുരക്ഷാ സേന ഇയാളെ പിന്തുടര്‍ന്നു. ബ്ലോക്ക് 8ലെ ഒരു വീടിനുള്ളിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. വീട്ടിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നിരവധി കാര്‍ട്ടണ്‍ ബോക്സുകളുണ്ടായിരുന്നു. ഉള്ളില്‍ നിന്നുള്ള ദുര്‍ഗന്ധം കൂടിയായതോടെ അകത്ത് കയറി പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ അനുമതി തേടി. ഇവിടെ മദ്യം നിര്‍മിക്കുന്നുണ്ടെന്ന സംശയം ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പ്രോസിക്യൂഷന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം മേജര്‍ ജനറല്‍ അല്‍ സൌബി വീടിനകത്ത് കയറി റെയ്ഡ് നടത്താനുള്ള അനുമതി നല്‍കുകയായിരുന്നു.

രണ്ട് സ്ത്രീകളടക്കം നാല് നേപ്പാള്‍ പൗരന്മാരെ ഇവിടെ നിന്ന് പൊലീസ് പിടികൂടി. ഇവരുടെ പേര് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഏഴ് കുപ്പികള്‍ വീതം നിറച്ച 29 ബാഗുകള്‍ ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിനുപുറമെ നിര്‍മാണത്തിലിരുന്ന 277 ബാരല്‍ മദ്യവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

click me!