യുഎഇയില്‍ നാല് പ്രവാസികള്‍ ചേര്‍ന്ന് 43കാരനെ അടിച്ചുകൊന്നു; മദ്യലഹരിയിലെന്ന് കുറ്റസമ്മതം

By Web TeamFirst Published Feb 19, 2020, 1:23 PM IST
Highlights

സംഭവസമയത്ത് തങ്ങള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാല് പേരും ചോദ്യം ചെയ്യലില്‍ പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ചു. പ്രത്യേക കാരണമോ പ്രകോപനമോ ഇല്ലാതെയാണ് ഇവര്‍ മര്‍ദനം തുടങ്ങിയതെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. 

ഷാര്‍ജ: 43 വയസുകാരനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. ഏഷ്യക്കാരായ നാല് പ്രവാസികളാണ് കേസിലെ പ്രതികള്‍. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മര്‍ദനത്തിനും കൊലക്കുറ്റത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവസമയത്ത് തങ്ങള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാല് പേരും ചോദ്യം ചെയ്യലില്‍ പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ചു. പ്രത്യേക കാരണമോ പ്രകോപനമോ ഇല്ലാതെയാണ് ഇവര്‍ മര്‍ദനം തുടങ്ങിയതെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇരുമ്പ് വടികൊണ്ട് തലയിലടക്കം മര്‍ദനമേറ്റത് കൊണ്ടുണ്ടായ ഗുരുതരമായ പരിക്കുകളാണ് മരണത്തില്‍ കലാശിച്ചത്. ഇരുമ്പ് വടികൊണ്ട് താന്‍ തലയിലും കാലിലും മര്‍ദിച്ചുവെന്ന് ഒന്നാം പ്രതി സമ്മതിച്ചു.

തന്റെ കാറില്‍ കത്തി ഉണ്ടായിരുന്നെങ്കിലും അത് ഉപയോഗിച്ച് താന്‍ ഉപദ്രവിച്ചില്ലെന്നായിരുന്നു നാലാം പ്രതിയുടെ വാദം, അതേസമയം കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് രണ്ടും മൂന്നും പ്രതികള്‍ പറഞ്ഞു. യാദൃശ്ചികമായി കൊലപാതക സ്ഥലത്ത് എത്തിപ്പെട്ടതാണെന്നായിരുന്നു ഇവരുടെ വാദം. സംഭവമറിഞ്ഞ് പൊലീസ് സ്ഥത്തെത്തിയപ്പോഴേക്കും കൊലപാതകം നടന്നുകഴിഞ്ഞിരുന്നു. പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപെടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംഘം മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. പ്രതികളെ കണ്ടെത്താനായി നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ നാല് പേരും പിടിയിലാവുകയായിരുന്നു.
 

click me!