അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം; നാലു തൊഴിലാളികള്‍ക്ക് പരിക്ക്

By Web TeamFirst Published Oct 7, 2021, 6:51 PM IST
Highlights

അബഹ വിമാനത്താവളം ലക്ഷ്യമാക്കി മുമ്പും ഹൂതികള്‍ ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇന്ന് വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വ്യോമഗതാഗതം കുറച്ചു നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമന്‍ വിമത സായുധ വിഭാഗമായ ഹൂതികള്‍ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് എത്തിയ വിമാനത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തിടുകയായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ പതിച്ചാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്.

ഇവര്‍ ഏത് രാജ്യക്കാരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു. തെക്കന്‍ യമനിലെ സഅദയില്‍ നിന്നാണ് പൈലറ്റില്ലാ വിമാനം എത്തിയത്. അബഹ വിമാനത്താവളം ലക്ഷ്യമാക്കി മുമ്പും ഹൂതികള്‍ ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇന്ന് വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വ്യോമഗതാഗതം കുറച്ചു നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ശേഷം സാധാരണ നിലയിലായിട്ടുണ്ട്. പൈലറ്റില്ലാ വിമാനം അയച്ച് ആക്രമം നടത്താന്‍ ശ്രമിച്ച ഹൂതികളുടെ കേന്ദ്രം സഖ്യസേന തകര്‍ത്തു. ചെങ്കടലിനോട് ചേര്‍ന്നുള്ള യമെന്റ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹുദൈദ തുറമുഖത്തിന് സമീപം ഇന്ന് തന്നെ സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ മൂന്ന് ബോട്ടുകളെയും സഖ്യസേന നശിപ്പിച്ചു.

click me!