
കുവൈത്ത് സിറ്റി: ജർമ്മനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുവൈത്തിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിനിയിൽ നിന്ന് 1,000 ദിനാർ തട്ടിയെടുത്തതായി പരാതി. പണം കൈപ്പറ്റിയ ശേഷം റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിന്‍റെ ഓഫീസ് അടച്ചുപൂട്ടിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഹവല്ലി ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
യൂറോപ്യൻ രാജ്യങ്ങളിൽ ആകർഷകമായ ശമ്പളത്തോടെ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. ഏകദേശം രണ്ട് മാസം മുമ്പ് കമ്പനിയുടെ ഓഫീസിലെത്തിയപ്പോൾ ജർമ്മനിയിൽ ജോലി ലഭ്യമാക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. ജോലിക്കായുള്ള കരാർ നടപടികളും റിക്രൂട്ട്മെന്‍റ് നടപടികളും പൂർത്തിയാക്കുന്നതിനായി 1,000 കുവൈത്ത് ദിനാർ ആവശ്യപ്പെട്ടു. തുടർന്ന് യുവതി തുക പണമായി കമ്പനിക്ക് കൈമാറി.
എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് സ്ഥാപനം അടച്ചുപൂട്ടിയ നിലയിൽ കണ്ടെത്തിയത്. കമ്പനി അധികൃതരെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. തട്ടിപ്പിനിരയായതായി സംശയം തോന്നിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന്‍റെ സാഹചര്യങ്ങളും ഉത്തരവാദികളെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam