കൊവിഡ് 19: പ്രവാസികള്‍ ആശങ്കയില്‍, യാത്രയ്ക്ക് വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈത്ത്

Published : Mar 05, 2020, 07:08 PM ISTUpdated : Mar 05, 2020, 07:11 PM IST
കൊവിഡ് 19: പ്രവാസികള്‍ ആശങ്കയില്‍, യാത്രയ്ക്ക് വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈത്ത്

Synopsis

മാര്‍ച്ച് എട്ട് മുതല്‍ കുവൈത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കൊറോണ വൈറസ് ബാധ ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന കുവൈത്ത് കൊണ്ട് വന്നിരിക്കുന്നത്. കുവൈത്ത് എംബസികള്‍ അംഗീകരിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ആണ് ഹാജരാക്കേണ്ടത്

കുവൈത്ത് സിറ്റി: കൊവിഡ് 19 വൈറസ് ബാധ ലോകമാകെ പടര്‍ന്ന് പിടിക്കുമ്പോള്‍ കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി രാജ്യങ്ങള്‍. പ്രവാസികളെ ആശങ്കയിലാക്കുന്ന കര്‍ശന വ്യവസ്ഥകളാണ് ഗര്‍ഫ് രാജ്യങ്ങള്‍ അടക്കം ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ച് എട്ട് മുതല്‍ കുവൈത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കൊറോണ വൈറസ് ബാധ ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന കുവൈത്ത് കൊണ്ട് വന്നിരിക്കുന്നത്. കുവൈത്ത് എംബസികള്‍ അംഗീകരിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ആണ് ഹാജരാക്കേണ്ടത്. ഈ രേഖ ഇല്ലാതെ യാത്ര ചെയ്ത് എത്തുന്നവരെ അതേ എയര്‍ലൈനില്‍ തന്നെ തിരിച്ചയ്ക്കും. വിമാനങ്ങള്‍ റദ്ദാക്കലും യാത്രാ വിലക്കുകളും തുടരുന്നതിനിടെ ഇത്തരത്തിലുള്ള കൂടുതല്‍ വ്യവസ്ഥകളും കൂടെ ഏര്‍പ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണമെങ്കില്‍ നാട്ടിലുള്ള പ്രവാസികള്‍ ഏറെ വലയേണ്ടി വരും. അവധിക്ക് നാട്ടില്‍ വന്ന ശേഷം തിരിച്ചു പോകാറാവര്‍ക്കും വിസ കാലാവധി തീരാറായവര്‍ക്കുമെല്ലാം ഈ നിബന്ധന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതിനൊപ്പം കുവൈത്ത് സ്വീകരിച്ച മാര്‍ഗം മറ്റ് ഗര്‍ഫ് രാജ്യങ്ങളും നടപ്പാക്കാന്‍ സാധ്യത ഉണ്ടെന്നുള്ളതും പ്രവാസികളെ ആശങ്കപ്പെടുത്തുന്നു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കുട്ടികളും പ്രായമേറിയവരും പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ പോകേണ്ടതില്ലെന്ന് യുഎഇയില്‍ മതവിധി വന്നിരുന്നു. യുഎഇ ഫത്‍‍വ കൗണ്‍സിലാണ് മതവിധി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ കാര്യാലയങ്ങളും കൊവിഡ് വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഫത്‍വ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
 
രോഗം ബാധിച്ചവരോ വൈറസ് ബാധ സംശയിക്കുന്നവരോ പൊതുസ്ഥലങ്ങളില്‍ പോകരുതെന്നും പണ്ഡിതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളികളിലെ സംഘനമസ്കാരത്തിനോ വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്കോ റമസാനിലെ നിശാ നമസ്കാരത്തിനോ പെരുന്നാള്‍ നമസ്കാരത്തിനോ ഇവര്‍ ആരാധനാലയങ്ങളില്‍ പോകരുത്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഈ നിര്‍ദ്ദേശം അനുസരിക്കണം.

വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതിന് പകരം വീട്ടിലോ താമസസ്ഥലത്തോ നമസ്കാരം നിര്‍വ്വഹിച്ചാല്‍ മതിയെന്നും ഫത്‍‍വയില്‍ പറയുന്നു. ഹജ്, ഉംറ, മദീന സന്ദര്‍ശനം എന്നിവ സൗദി സര്‍ക്കാരിന്‍റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും ഫത്‍‍വ കൗണ്‍സില്‍ അറിയിച്ചു. ദുബായിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് രോഗബാധയെന്നാണ് വിവരം. 

ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമിച്ചു, പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി
മെട്രോ സ്റ്റേഷനിൽ യുവതി പ്രസവിച്ചു, ദമ്പതികൾക്ക് ഇരട്ടി മധുരമായി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ! സംഭവം റിയാദിൽ