വിദേശികള്‍ക്കും കൊവിഡ് ചികിത്സ സൗജന്യമാക്കി ഒമാന്‍ ഭരണകൂടം

By Web TeamFirst Published Apr 9, 2020, 8:13 PM IST
Highlights

കൊവിഡ് 19  സാമൂഹ്യവ്യാപനമായ  മത്ര പ്രവിശ്യയില്‍ കൂടുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാവര്‍ക്കും പരിശോധന  നിര്‍ബന്ധമാക്കി ഒമാന്‍
 

മസ്‌കറ്റ്: കൊവിഡ് 19 ചികിത്സ സൗജന്യമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ്. മത്ര പ്രവിശ്യയില്‍  കോവിഡ്  19   പരിശോധന നാളെ മുതല്‍ ആരംഭിക്കും. പരിശോധനക്ക്  തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമില്ലെന്നും  സുപ്രിം കമ്മറ്റി. കൊവിഡ് 19  സാമൂഹ്യവ്യാപനമായ  മത്ര പ്രവിശ്യയില്‍ കൂടുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാവര്‍ക്കും പരിശോധന  നിര്‍ബന്ധമാക്കി ഒമാന്‍ സുപ്രിംകമ്മറ്റി ഉത്തരവ് പുറത്തിറക്കി. 

ഇതിന്റെ ഭാഗമായി മാത്രാ പ്രാവശ്യയിലുള്ള എല്ലാ സ്വദേശികളും ഒപ്പം സ്ഥിരതാമസക്കാരുമായ  വിദേശികളും കൊവിഡ് 19 പരിശോധനക്ക് വിധേയമാകണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് അല്‍ സൈദി   ആവശ്യപ്പെട്ടു. 

മാത്രാ  പ്രവിശ്യയിലെ പരിശോധന കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് 19  പരിശോധനക്കായി എത്തുന്ന വിദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്  നിര്‍ബന്ധമല്ലെന്നും ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈഡീ വ്യക്തമാക്കി.

ഇതിനകം രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള 457 കൊവിഡ് 19 കേസുകളില്‍ 296 കേസുകളും മാത്രയില്‍ നിന്നുമാണുള്ളത്. പരിശോധനക്ക് എത്തുന്നവരുടെ വിശദ വിവരങ്ങള്‍ തികച്ചും സ്വാകാര്യമായി സൂക്ഷിക്കുവാനും ഒമാന്‍ സുപ്രിം കമ്മറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയാല്‍ സ്വദേശിക്കും വിദേശിക്കും ചികിത്സ സൗജന്യമായി നല്‍കുവാന്‍ ഒമാന്‍ ഭരണാധികാരി ആരോഗ്യ മന്ത്രാലയത്തിന്  ഉത്തരവും നല്‍കി കഴിഞ്ഞു. ഒമാനില്‍ ഇന്ന് കോവിഡ് 19   സ്ഥിരീകരിച്ച  38  പേരില്‍  35  പേരും വിദേശികളാണ്. 

click me!