ഇന്ത്യക്കാരായ എഞ്ചിനീയര്‍മാര്‍ കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതിക്കെതിരെ

By Web TeamFirst Published Nov 3, 2018, 12:23 AM IST
Highlights

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട്‌ നില നിൽക്കുന്ന പ്രശ്നം പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത്‌ സന്ദർശിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌  ഉറപ്പ്‌ നൽകിയിരുന്നു

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ബഹളം.സ്ഥാനപതി കെ. ജീവ സാഗറിന്‍റെ നിലപാടിൽ പ്രതിഷേധിച്ചു  എഞ്ചിനീയർമാർ യോഗത്തിൽ നിന്നും ഇറങ്ങി പോയി.

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട്‌ നില നിൽക്കുന്ന പ്രശ്നം പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത്‌ സന്ദർശിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌  ഉറപ്പ്‌ നൽകിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ്‌ വിഭാഗം മേധാവി നാഗേന്ദ്ര പ്രസാദിനെ തുടര്‍ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചാണ് സുഷമാ സ്വരാജ് മടങ്ങിയത്. ഇതുപ്രകാരം ഇന്നു ഇന്ത്യൻ എംബസിയിൽ നടന്ന യോഗമാണു ബഹളത്തിൽ കലാശിച്ചത്‌.

രണ്ടു ഘട്ടങ്ങളിലായി നടന്ന യോഗത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യൻ സ്ഥാനപതി ജീവ സാഗർ നടത്തിയ പ്രകോപനപരമായ പരാമർശ്ശമാണു എഞ്ചിനീയർമ്മാരെ ചൊടിപ്പിച്ചത്‌.കുവൈത്ത്‌ എഞ്ചിനീയർ സൊസൈറ്റിയുടെ അറ്റസ്റ്റേഷൻ ലഭിക്കാത്ത എഞ്ചിനീയർമ്മാർക്ക്‌ ഒന്നുകിൽ എഞ്ചിനീയർ പദവി മാറ്റി മറ്റു പദവികളിൽ ജോലി ചെയ്യുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ആണു മുന്നിലുള്ള വഴിയെന്നായിരുന്നു സ്ഥാനപതിയുടെ പരാമർശ്ശം. 

ഇത്‌ ചോദ്യം ചെയ്ത ഒരു എഞ്ചിനീയറെ യോഗത്തിൽ നിന്നും പുറത്തു പോകാൻ സ്ഥാനപതി ആവശ്യപ്പെട്ടതോടെയാണു ബഹളം ആരംഭിച്ചത്‌.ഇതോടെ യോഗത്തിൽ പങ്കെടുത്ത ആയിരത്തോളം എഞ്ചിനീയർമ്മാരിൽ ഭൂരിഭാഗവും യോഗത്തിൽ നിന്നും ഇറങ്ങി പോയി. പുറത്തെത്തിയ എഞ്ചിനീയർമ്മാർ സ്ഥാനപതിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി. 

യോഗത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ നാമ മാത്രമായ എഞ്ചിനീയർ മാത്രമേ പങ്കെടുത്തുള്ളൂ.വിഷയത്തിൽ മന്ത്രി തലത്തിലുള്ള ചർച്ചകൾക്ക്‌ ശേഷവും യാതൊരു വിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണു സ്ഥാനപതിയുടെ പരാമർശ്ശനത്തിലൂടെ മനസ്സിലാവുന്നതെന്ന്  എഞ്ചിനീയർമ്മാർ പറഞ്ഞു.ഇതോടെ മന്ത്രിയുടെ സന്ദർശ്ശനത്തോടെ വിഷയത്തിനു പരിഹാരമാകുമെന്ന ആയിരക്കണക്കിനു എഞ്ചിനീയർമാരുടെ പ്രതീക്ഷകളാണു അസ്തമിക്കുന്നത്‌.  

click me!