അല്‍ അന്‍സാരി എക്സ്‍ചേഞ്ചില്‍ നിന്ന് 4 കോടി കവര്‍ന്ന പ്രതികളെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍

By Afsal EFirst Published Apr 11, 2019, 3:55 PM IST
Highlights

അല്‍ താവുനിലെ അല്‍ അന്‍സാരി എക്സ്‍ചേഞ്ച് ശാഖയില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടന്ന ഇവരെ പ്രതിരോധിക്കുന്നതിനിടെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കവര്‍ച്ച നടക്കുമ്പോള്‍ തന്നെ ഒരു ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. 

ഷാര്‍ജ: മണി എക്സ്ചേഞ്ച് സ്ഥാപനമായ ഷാര്‍ജ അല്‍ അന്‍സാരി എക്സ്ചേഞ്ചില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് നൈജീരിയന്‍ പൗരന്മാര്‍ക്കെതിരെ കുറ്റം ചുമത്തി. സ്ഥാപനത്തിലെ പ്രവൃത്തി സമയത്ത് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും 23 ലക്ഷം ദിര്‍ഹത്തിന് തുല്യമായ വിവിധ കറന്‍സികള്‍ (ഏകദേശം നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) കവരുകയും ചെയ്തു. മുഴുവന്‍ പണവും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.

അല്‍ താവുനിലെ അല്‍ അന്‍സാരി എക്സ്‍ചേഞ്ച് ശാഖയില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടന്ന ഇവരെ പ്രതിരോധിക്കുന്നതിനിടെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കവര്‍ച്ച നടക്കുമ്പോള്‍ തന്നെ ഒരു ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഏഴ് മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പ്രതികള്‍ പണവുമായി വാഹനത്തില്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് അബുദാബി, റാസല്‍ഖൈമ, അജ്മാന്‍ എമിറേറ്റുകളിലെ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം ഇവര്‍ സ്ഥാപനത്തില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണത്തിന് പദ്ധതിയിട്ടത്. അര്‍ദ്ധരാത്രി സ്ഥാപനം അടയ്ക്കുന്നതിന് തൊട്ട് മുന്‍പുള്ള സമയം ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. നാല് പേര്‍ അകത്ത് കയറി പണം കവര്‍ന്നപ്പോള്‍ ഒരാള്‍ വാഹനവുമായി പുറത്ത് കാത്തുനിന്നു. പൊലീസ് സംഘം എത്തുന്നതിന് മുന്‍പ് ഇവര്‍ രക്ഷപെടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ച പൊലീസ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. ഈ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഷാര്‍ജ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 
 

click me!