ദുബായ് എയര്‍പോര്‍ട്ടിലെ റണ്‍വേ അടയ്ക്കുന്നു; സര്‍വീസുകളിലെ മാറ്റം ഇങ്ങനെ

By Web TeamFirst Published Apr 11, 2019, 1:53 PM IST
Highlights

ഒരു റണ്‍വേ അടയ്ക്കുമെങ്കിലും മറ്റ് റണ്‍വേയുടെ പരമാവധി ശേഷി പ്രയോജനപ്പെടുത്തി കഴിയുന്നത്ര സര്‍വീസുകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.  ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് തങ്ങളുടെ 42 സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടിലേക്ക് മാറ്റും.  

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളിലൊന്ന് അറ്റകുറ്റപ്പണികള്‍ക്കായി ഈ മാസം 15 മുതല്‍ അടച്ചിടും. മേയ് 30 വരെയാണ് ഈ നിയന്ത്രണം. ഈ സമയം വിവിധ വിമാന കമ്പനികള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുകയോ ചെയ്യും. ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഒരു റണ്‍വേ അടയ്ക്കുമെങ്കിലും മറ്റ് റണ്‍വേയുടെ പരമാവധി ശേഷി പ്രയോജനപ്പെടുത്തി കഴിയുന്നത്ര സര്‍വീസുകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.  ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് തങ്ങളുടെ 42 സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടിലേക്ക് മാറ്റും.  ബഹ്റൈന്‍, ദമ്മാം, ജിദ്ദ, കാബൂള്‍, കാഠ്മണ്ഡു, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ഫ്ലൈ ദുബായ് സര്‍വീസ് നടത്തും. എന്നാല്‍ അഹ്‍മദാബാദ്, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നായിരിക്കും.

അതേസമയം തങ്ങളുടെ ഒരു സര്‍വീസുപോലും അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.  ദുബായില്‍ അറ്റകുറ്റപ്പണി നടക്കുന്ന ഒന്നര മാസം എമിറേറ്റ്സ് നിരവധി സര്‍വീസുകള്‍ റദ്ദാക്കിയേക്കും. വലിയ വിമാനങ്ങള്‍ എത്തിച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം.

മറ്റ് കമ്പനികളുടെ സര്‍വീസുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യേണ്ടിവരും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ദുബായ് വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടിനെയും ബന്ധിപ്പിക്കുന്ന സൗജന്യ ബസ് സര്‍വീസ് തുടങ്ങും.  നേരത്തെ തന്നെ സര്‍വീസുകളിലെ മാറ്റങ്ങള്‍ യാത്രക്കാരെ അറിയിക്കുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. മാറ്റുന്ന സര്‍വീസുകള്‍ ഇവയാണ്

എയര്‍ഇന്ത്യ

  • മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 983)
  • ചെന്നൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 906)
  • പ്രതിദിന സര്‍വീസായ വിശാഖപട്ടണം - ഹൈദരാബാദ്-ദുബായ് (AI 951), ദുബായ് - ഹൈദരാബാദ് - വിശാഖപട്ടണം (AI 952)
  • വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള ബംഗളുരു - ഗോവ - ദുബായ് (AI 993), ദുബായ് - ഗോവ - ബംഗളുരു (AI 994)

എയര്‍ ഇന്ത്യ എക്സ്പ്രസ്

  • മംഗലാപുരത്ത് നിന്നും ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (IX 813, IX 814) (IX 383, IX 384)
  • ഞായറാഴ്ചകളില്‍ ദില്ലിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 141, IX 142)
  • ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 435, IX 434)
     
click me!