മുനിസിപ്പല്‍ കൗണ്‍സില്‍ യോഗങ്ങളിലെ ലിംഗ വിവേചനം നീക്കി സൗദി അറേബ്യ

By Web TeamFirst Published Oct 21, 2019, 4:33 PM IST
Highlights

പഴയ നിബന്ധന അനുസരിച്ച് നഗരസഭയിലെ വനിതാ അംഗങ്ങള്‍ക്ക് കൗണ്‍സില്‍ യോഗങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലിരുന്ന് ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വിയിലൂടെ മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. 

റിയാദ്: മുനിസിപ്പല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മുറികളും ഇരിപ്പിടങ്ങളുമെന്ന ലിംഗ വിവേചനം നീക്കി സൗദി അറേബ്യ. ഒരേ ഹാളില്‍ അടുത്തടുത്ത ഇരിപ്പിടങ്ങളില്‍ ഒരുമിച്ച് ഇരുന്ന് യോഗങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുംവിധം നഗരസഭകളുടെ ഭരണഘടനയില്‍ സൗദി നഗര, ഗ്രാമീണകാര്യ മന്ത്രാലയം മാറ്റം വരുത്തി. യോഗം ചേരുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 107 ആണ് ലിംഗ സമത്വം ഉറപ്പാക്കും വിധം ഭേദഗതി ചെയ്തതെന്ന് രാജ്യത്തെ പ്രമുഖ ദിനപത്രം അല്‍വത്തന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ആര്‍ട്ടിക്കിള്‍ 107ലെ പഴയ നിബന്ധന അനുസരിച്ച് നഗരസഭയിലെ വനിതാ അംഗങ്ങള്‍ക്ക് കൗണ്‍സില്‍ യോഗങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലിരുന്ന് ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വിയിലൂടെ മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. തീര്‍ത്തും വിവേചനപരമായ ആ രീതിക്ക് അന്ത്യം കുറിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് സൗദി നഗര, ഗ്രാമീണകാര്യ ആക്ടിങ് മന്ത്രി മാജിദ് അല്‍ഗൊസൈബി അംഗീകാരം നല്‍കി. കൗണ്‍സില്‍ യോഗങ്ങളില്‍ വേറെ സ്ഥലത്തിരുന്നുകൊണ്ട് പങ്കെടുക്കേണ്ടിവരുന്ന വനിതാ അംഗങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതും പുരുഷ അംഗങ്ങളെ പോലെ നേരിട്ട് പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കുന്നതും സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നടന്നുവരികയായിരുന്നു. എല്ലാ വശവും പരിശോധിച്ചാണ് ഒടുവില്‍ ഭരണഘടനാ ഭേദഗതിക്ക് അന്തിമാംഗീകാരം നല്‍കിയത്. ഇതോടെ വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പുരുഷന്മാരായ തങ്ങളുടെ സഹ കൗണ്‍സിലര്‍മാരോടൊപ്പം യോഗങ്ങളിലും ശില്‍പശാലകളിലും പ്രഭാഷണങ്ങളിലും സംവാദങ്ങളിലും നഗരഭരണവുമായി ബന്ധപ്പെട്ട ഇതര പ്രവര്‍ത്തനങ്ങളിലും ഒരുമിച്ച് പങ്കെടുക്കാനാവുമെന്നും ലിംഗപരമായ ഒരു വിവേചനവും നേരിടേണ്ടിവരില്ലെന്നും മന്ത്രി വിശദമാക്കി.

പഴയ നിയമം വനിതാ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നുവെന്നാണ് വിമര്‍ശകര്‍ ഉന്നയിച്ചിരുന്ന വാദം. അതും മുഖവിലക്കെടുത്താണ് ഈ മാറ്റം. മുനിസിപ്പല്‍ ഭരണതലപ്പത്ത് വനിതാപ്രാതിനിധ്യം അനുവദിച്ചിട്ടും അവര്‍ക്ക് വേറെ ഇരിപ്പിടം നല്‍കി മാറ്റിയിരുത്തുന്നത് സ്ത്രീശാക്തികരണത്തിന് ഗുണകരമാവില്ലെന്നും നേതൃപദവികള്‍ വഹിക്കുന്ന വനിതകളുടെ പ്രവര്‍ത്തനക്ഷമതക്ക് കോട്ടം സംഭവിക്കാന്‍ ഇടയാക്കുമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. പുരുഷ കൗണ്‍സിലര്‍മാര്‍ക്കുള്ളതുപോലെ ഇഷ്ടമുള്ള ഇരിപ്പിടം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും അഭിപ്രായം ശക്തമായിരുന്നു. അതനുസരിച്ചുള്ള നിയമഭേദഗതിയാണ് പ്രാബല്യത്തിലായത്. 

click me!