ദുബായ്: ട്രാഫിക് ഫൈനുകള്‍ക്ക് 100 ശതമാനം വരെ ഇളവ് അനുവദിക്കുന്ന പദ്ധതിയുമായി ദുബായ് പൊലീസ്. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി അറിയിച്ചു.
വര്‍ഷം മുഴുവന്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ പഴയ ട്രാഫിക് ഫൈനുകള്‍ അടയ്ക്കേണ്ടിവരില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഒരു വര്‍ഷം നിയമങ്ങള്‍ പാലിക്കുന്നതില്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവെന്ന് നോക്കിയ ശേഷം അതിന് അനുസൃതമായി മാത്രം പിഴ ഈടാക്കാനാണ് തീരുമാനം. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനോ വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകള്‍ക്കോ മുന്‍പ് പിഴ അടച്ച് തീര്‍ക്കേണ്ടതില്ല. പിഴ തുക അക്കൗണ്ടില്‍ നിന്ന് പിന്നീട് ഈടാക്കും.
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങളില്‍ സംതൃപ്തിയും സന്തോഷവും വളര്‍ത്തുന്നതിനും യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെയും ഭാഗമായാണിത്.
ആനുകൂല്യം ഇങ്ങനെ
മൂന്ന് മാസത്തേക്ക് നിയമലംഘനങ്ങളൊന്നും നടത്തിയില്ലെങ്കില്‍ പിഴയില്‍ 25 ശതമാനം ഇളവ് ലഭിക്കും. ഇതുപോലെ ആറ് മാസത്തേക്ക് 50 ശതമാനവും ഒന്‍പത് മാസത്തേക്ക് 75 ശതമാനവും ഇളവ് ലഭിക്കും. അടുത്ത ഒരു വര്‍ഷത്തേക്ക് നിയമലംഘനങ്ങളൊന്നും നടത്തിയില്ലെങ്കില്‍ ഫൈനുകളില്‍ 100 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ ദുബായ് പൊലീസില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയോ ദുബായ് മുനിസിപ്പാലിറ്റിയോ ഏര്‍പ്പെടുത്തിയ പിഴ ശിക്ഷകള്‍ക്ക് ഇത് ബാധകമല്ല. കമ്പനി / ബിസിനസ് വാഹനങ്ങള്‍, റെന്റല്‍ കമ്പനികള്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനികള്‍, മൂന്ന് മാസത്തിലധികമായി രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam