സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് 8 ലക്ഷം പേര്‍ക്ക്; പരിശോധനയില്‍ പിടിയിലായത് 25 ലക്ഷം പേര്‍

By Web TeamFirst Published Feb 6, 2019, 5:12 PM IST
Highlights

കഴിഞ്ഞ ഒൻപത് മാസത്തിനിടയില്‍ സൗദിയില്‍ 8,39,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. 

റിയാദ്: കഴിഞ്ഞ ഒൻപതു മാസത്തിനിടെ സൗദിയിൽ ജോലി നഷ്ടപ്പെട്ടത് എട്ട് ലക്ഷത്തിലേറെ വിദേശികള്‍ക്ക്. വിവിധ മേഖലകളിൽ നടപ്പിലാക്കിയ സ്വദേശിവത്കരണമാണ് ഇത്രയധികം പേര്‍ക്ക് ജോലി നഷ്ടപ്പെടാൻ പ്രധാന കാരണമായത്.
 
കഴിഞ്ഞ ഒൻപത് മാസത്തിനിടയില്‍ സൗദിയില്‍ 8,39,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. ജോലി നഷ്ടമായവരില്‍ 8,19,300 പേര്‍ പുരുഷന്മാരാണ്. സാന്പത്തിക പ്രതിസന്ധി മൂലം ചില സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടിവന്നതും സ്വദേശിവത്കരണം നടപ്പിലാക്കിയതുമാണ് വിദേശികൾക്ക് തൊഴില്‍ നഷ്ടപ്പെടാനുണ്ടായ പ്രധാന കാരണം.

ചില്ലറ വ്യാപാര മേഖലയടക്കം വിദേശികൾ ജോലി ചെയ്തിരുന്ന വിവിധ മേളലകളിൽ ഇതിനോടകം സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതാണ് വിദേശികൾക്ക് തിരിച്ചടിയായത്. അതേസമയം നിയമലംഘകർക്കായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ രണ്ടു വർഷമായി നടത്തിവരുന്ന പരിശോധനകളിൽ ഇതുവരെ 25 ലക്ഷത്തിലേറെ പേര്‍ പിടിയിലായി.
ഇതിൽ 6,47,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിച്ചു.
 

click me!