'വിശുദ്ധ ഗേഹത്തെ മുത്തുന്ന പെൺകുട്ടി'; മിസ്ക് ആർട്ട് ഷോയിൽ തരംഗമായി ആ ചിത്രങ്ങൾ

By Web TeamFirst Published Nov 3, 2019, 12:20 PM IST
Highlights
  • വിശുദ്ധ ഗേഹത്തെ മുത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം വൈറല്‍.
  • റിയാദ് നഗരത്തിന്‍റെ വടക്കുഭാഗമായ യാസ്മിനില്‍ നടന്ന മിസ്ക് ആർട്ട് എക്സ്പീരിയൻസ് 0.3 യിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

റിയാദ്: ആയിരം വാക്കുകൾ കൊണ്ട് പറഞ്ഞാലും പൂർണമാകാത്തത് ഒരു ചിത്രത്തിന് സാധിക്കും. ചിലപ്പോൾ ഒറ്റ ചിത്രത്തിന് ആയിരം അർത്ഥങ്ങൾ നിര്‍മ്മിക്കാനാവും. നിഷ്‌കപടമായ വൈകാരികതയെ പ്രതിഫലിപ്പിക്കാൻ വാക്കുകൾ ദുർബലപ്പെടുന്നിടത്ത് ചിത്രം വിജയിക്കും. തരംഗമായി മാറിയ 'വിശുദ്ധ ഗേഹത്തെ മുത്തുന്ന പെൺകുട്ടി’യുടെ ചിത്രങ്ങൾ കാണാനെത്തുന്നവർ കുറിച്ചുവെക്കുന്നതും പ്രകടിപ്പിക്കുന്നതുമായ അഭിപ്രായങ്ങളാണിവ.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചെയർമാനായ മിസ്ക് ഫൗണ്ടേഷൻ റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ അഞ്ചുദിവസമായി സംഘടിപ്പിച്ചുവന്ന മിസ്ക് ആർട്ട് എക്സിബിഷനിൽ പ്രദർശിപ്പിച്ച ചിത്രങ്ങളാണ് സന്ദർശകരെ വൈകാരികമായി സ്പർശിച്ചത്. മക്കയിലെ വിശുദ്ധ ഗേഹം കഅ്ബയെ മുത്തുന്ന ഒരു പെൺകുട്ടിയുടെ നിഷ്കളങ്കമായ ഭാവങ്ങളാണ് കാണികളുടെ ഹൃദയം പിടിച്ചടക്കിയത്. നിഷ്‌കപടമായ സംവേദനക്ഷമത ആ ചിത്രങ്ങൾക്കുണ്ടെന്നും അത് നേരിട്ട് ഹൃദയവുമായാണ് സംവദിക്കുന്നതെന്നും സന്ദർശകർ അഭിപ്രായപ്പെടുന്നു. ഏറെ നേരംനോക്കി നിന്ന് നിഷ്കളങ്ക ബാല്യത്തിന്‍‍റെ ഓമനത്തമാർന്ന ഭാവങ്ങളെ മനസിൽ പതിപ്പിച്ചാണ് ഓരോരുത്തരും മടങ്ങുന്നത്.

റിയാദ് നഗരത്തിന്‍റെ വടക്കുഭാഗമായ യാസ്മിനിലെ വിശാലമായ നഗരിയിൽ മിസ്ക് ആർട്ട് എക്സ്പീരിയൻസ് 0.3 എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച എക്സിബിഷൻ ശനിയാഴ്ചയാണ് അവസാനിച്ചത്. നൂറുകണക്കിന് സൗദി ചിത്രകാരികളും ചിത്രകാരന്മാരും ശിൽപികളും മറ്റ് കലകാരന്മാരും പങ്കടുത്ത പരിപാടി ലോക ചിത്രകലയിലെ ഏറ്റവും പുതുചലനങ്ങളെ വരെ ഉൾക്കൊണ്ട് സർഗാത്മകതയും ആധുനിക സാേങ്കതിക വിദ്യയും സമന്വയിപ്പിച്ച് നൂതനമായ ശൈലികൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു.  അവിടെയാണ് പാരമ്പരാഗത രീതിയിൽ കാമറ ഒപ്പിയെടുത്ത ഫോേട്ടാകൾ വലിയ തരംഗം സൃഷ്ടിച്ചത്.

മക്കയിൽ ഉംറ തീർഥാടനത്തിന് എത്തിയ ആരുടെയോ മകളാണ് ആ പെൺകുട്ടി. അവൾ ഉപ്പയുടെ തോളിലേറി നടത്തിയ പ്രദക്ഷിണത്തിനൊടുവിൽ കഅ്ബയുടെ അടുത്തെത്തുന്നു. തീർഥാടകരൊക്കെ കഅ്ബയിൽ കൈകൾ ചേർത്ത് പ്രാർത്ഥിക്കുകയും അതിെൻറ ചുവരുകളിൽ മുത്തം അർപ്പിക്കുകയും ചെയ്യുന്നു. ഉപ്പയുടെ തോളിലിരുന്ന് ഇത് കാണുന്ന കുട്ടി അവർ ചെയ്യുന്നതുപോലൊക്കെ വളരെ നിഷ്കളങ്കമായി അനുകരിക്കുന്നതാണ് മുഹമ്മദ് അൽതമീമി എന്ന സൗദി ഫോേട്ടാഗ്രാഫർ പകർത്തിയത്. മക്കയിൽ നടന്ന ഫോേട്ടാഗ്രാഫി മത്സരത്തിൽ പുരസ്കാരം നേടിയ ആ ചിത്രത്തിന്‍റെ ഉടമയ്ക്ക് മക്ക ഗവർണറും ചിത്രകാരനുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് സമ്മാനം നൽകിയത്. അതേ ചിത്രങ്ങൾ റിയാദിൽ മിസ്ക് ആർട്ട് എക്സിബിഷനിൽ എത്തുകയായിരുന്നു.  

click me!