പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പതിനാറുകാരിയുടെ കൈ ബാത്ത്ടബ്ബിന്‍റെ ഓവുചാലില്‍ കുടുങ്ങി

By Web TeamFirst Published Jun 24, 2021, 12:57 PM IST
Highlights

തന്റെ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ഓവുചാലിന്റെ പൈപ്പിലേക്ക് കൈ കടത്തിയ പെണ്‍കുട്ടിയുടെ കൈ കുടുങ്ങുകയായിരുന്നു.

ദുബൈ: പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാത്ത്ടബ്ബിന്റെ ഓവുചാലില്‍ കൈ കുടുങ്ങിയ 16കാരിയെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. ദുബൈയിലെ അല്‍ ഖവനീജ് ഏരിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. ശുചിമുറിയിലെ ബാത്ത്ടബ്ബിന്റെ ഓവുചാലിലെ പൈപ്പിനുള്ളില്‍ പൂച്ചക്കുട്ടി കുടുങ്ങിയതോടെ ഇതിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു കൗമാരക്കാരിയെന്ന് ദുബൈ പൊലീസിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂ ജനറല്‍ ഡയറക്ടറേറ്റിലെ ലാന്‍ഡ് റെസക്യൂ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ അബ്ദുല്ല ബിഷ്വാ പറഞ്ഞു. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു.

പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് സംഘം ശുചിമുറിയുടെ വാതില്‍ തുറന്നത്. ബാത്ത്ടബ്ബിന് സമീപം കൈ ഓവുചാലില്‍ കുടുങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തന്റെ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ഓവുചാലിന്റെ പൈപ്പിലേക്ക് കൈ കടത്തിയ പെണ്‍കുട്ടിയുടെ കൈ കുടുങ്ങുകയായിരുന്നു. ഫോണിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പൈപ്പ് പരിശോധിച്ച ശേഷമാണ് കൈ അതിനുള്ളിലേക്ക് കടത്തിയതെങ്കിലും പിന്നീട് തിരികെ കൈ വലിക്കാനാകാതെ കുടുങ്ങുകയായിരുന്നെന്ന് ലഫ്. അബ്ദുള്ള അല്‍ നുഐമി പറഞ്ഞു.

സഹായത്തിനായി പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചെങ്കിലും ശുചിമുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയതിനാല്‍ വീട്ടുകാര്‍ക്ക് കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എട്ട് സെന്റീമീറ്റര്‍ വീതിയുള്ള പൈപ്പിലാണ് പെണ്‍കുട്ടിയുടെ കൈ കുടുങ്ങിയത്. പെണ്‍കുട്ടിക്കും പൂച്ചക്കുഞ്ഞിനും പരിക്കേല്‍ക്കാത്ത വിധം ബാത്ത്ടബ്ബ് ഇളക്കിമാറ്റിയാണ് രക്ഷപ്പെടുത്തിയതെന്ന് ലഫ്. അല്‍ നുഐമി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!