നാട്ടില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് തൊടുമ്പോള്‍ ലാഭം ഗള്‍ഫില്‍ തന്നെ

By Web TeamFirst Published Jan 3, 2020, 5:02 PM IST
Highlights

22 കാരറ്റ് സ്വര്‍ണത്തിന് ദുബായില്‍ 175 ദിര്‍ഹമാണ് ഇന്നത്തെ വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 3416.69 രൂപ വരും ഇത്. ഒരു ഗ്രാമിന്റെ വിലയില്‍ മാത്രം 275 രൂപയിലധികമാണ് വ്യത്യാസം. 

ദുബായ്: കേരളത്തിലെ സ്വര്‍ണവില ഓരോ ദിവസവും പുതിയ സര്‍വകാല റെക്കോര്‍ഡിലേക്കാണ് ഇപ്പോള്‍ കുതിയ്ക്കുന്നത്. രാവിലെ ഗ്രാമിന് 3,680 രൂപയും, പവന് 29,440 രൂപയിലുമായിരുത് ഉച്ചയ്ക്ക് ശേഷവും വന്‍ കുതിപ്പാണ് നടത്തിയത്. സർവ്വകാല റെക്കോർഡിലായിരുന്ന വില വീണ്ടും വർധിച്ച് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 3,695 രൂപയിലും പവന് 29,560ലുമെത്തി. 

ഇന്ന് രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചതിനു ശേഷമായിരുന്നു ഉച്ചതിരിഞ്ഞ് ഗ്രാമിന് 15 രൂപയും പവന് വില 120 രൂപയും വർദ്ധിക്കുകയുമായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണ വില ട്രോയ് ഔൺസിന് 1,543 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 71.70 ലുമാണ്. കഴിഞ്ഞ ദിവസത്തെക്കാൾ 19 ഡോളറാണ് സ്വർണത്തിന് വില വർദ്ധിച്ചത്. ഇന്ത്യൻ രൂപ 35 പൈസയോളം ദുർബലമാകുകയും ചെയ്തു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് പുറമെ ഇറാനിലെ സൈനിക കമാന്‍ഡറെ അമേരിക്ക വധിച്ചതും അന്താരാഷ്ട്ര വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

നാട്ടില്‍ സ്വര്‍ണം തൊട്ടാല്‍പൊള്ളുന്ന സ്ഥിതിയിലെത്തുമ്പോള്‍ ഗള്‍ഫിലാണ് ഭേദപ്പെട്ട വ്യാപാരം നടക്കുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ കൂടി നടക്കുന്നതിനാല്‍ നിരവധിപ്പേരാണ് ഇപ്പോള്‍ ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് വരുന്നത്. മൂന്ന് മാസത്തിന് മുന്‍പ് സ്വര്‍ണവില വര്‍ദ്ധിച്ചതിന് ശേഷം വിപണിയില്‍ മന്ദത അനുഭവപ്പെട്ടിരുന്നു. വില കുറയുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവര്‍ പിന്നീട് മനസുമാറി സ്വര്‍ണം വാങ്ങാന്‍ തയ്യാറായതോടെ രണ്ടാഴ്ചയിലധികമായി വിപണി സജീവമാണ് ഗള്‍ഫില്‍.

സന്ദര്‍ശക വിസയിലും മറ്റും ദുബായിലെത്തുന്നവരും ഇപ്പോള്‍ അവിടെ നിന്നാണ് സ്വര്‍ണം വാങ്ങുന്നത്. നാട്ടില്‍ ജി.എസ്.ടിക്ക് പുറമെ പ്രളയ സെസും നല്‍കേണ്ടി വരുമ്പോള്‍ ദുബായില്‍ നല്‍കേണ്ട വാറ്റ് നികുതിയുടെ 85 ശതമാനവും വിമാനത്താവളത്തില്‍ നിന്ന് തിരികെ ലഭിക്കുമെന്ന നേട്ടവുമുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് ദുബായില്‍ 175 ദിര്‍ഹമാണ് ഇന്നത്തെ വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 3416.69 രൂപ വരും ഇത്. ഒരു ഗ്രാമിന്റെ വിലയില്‍ മാത്രം 275 രൂപയിലധികമാണ് വ്യത്യാസം.  24 കാരറ്റ് സ്വര്‍ണത്തിന് ദുബായില്‍ 186.50 ദിര്‍ഹമാണ് ദുബായില്‍ ഇന്ന്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ദുബായിലും ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

click me!