ഇന്ത്യ-ബഹ്റൈന്‍ ബന്ധത്തിന് പുതുവര്‍ണമേകി സുവര്‍ണ ജൂബിലി ആഘോഷം

By K T NoushadFirst Published Oct 18, 2021, 11:50 PM IST
Highlights

ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങളില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ഒരേ മനസ്സോടെ പങ്കെടുത്തു. തലസ്ഥാന നഗരിയായ മനാമയിലെ ചരിത്ര പ്രസിദ്ധമായ ബാബുല്‍ ബഹ്റൈനിന് സമീപം 'ലിറ്റില്‍ ഇന്ത്യ' എന്ന പേരിലാണ് വിവിധ പരിപാടികള്‍ അരങ്ങേറിയത്. ബഹ്റൈന്‍ സാംസ്‌കാരിക-പുരാവസ്തു അഥോറിറ്റി ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് വ്യത്യസ്ത സാംസ്‌കാരിക-പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചത്.

മനാമ: ഇന്ത്യയും(India) ബഹ്റൈനും(Bahrain) തമ്മിലുളള ബന്ധത്തിന്റെ ആഴവും അടുപ്പവും വിളിച്ചോതുന്നതായി ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി(Golden jubilee) ആഘോഷം. ബഹ്റൈന്‍ സ്വതന്ത്രമായതു മുതല്‍ തുടങ്ങിയ ഇന്ത്യയുമായുളള നയതന്ത്ര ബന്ധത്തിന് അമ്പതാണ്ട് തികഞ്ഞതിന്റെ ആഘോഷം, ബന്ധത്തിന് അക്ഷരാര്‍ത്ഥത്തില്‍ പുതുവര്‍ണമേകി.

ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളില്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ഒരേ മനസ്സോടെ പങ്കെടുത്തു. തലസ്ഥാന നഗരിയായ മനാമയിലെ ചരിത്ര പ്രസിദ്ധമായ ബാബുല്‍ ബഹ്റൈനിന് സമീപം 'ലിറ്റില്‍ ഇന്ത്യ' എന്ന പേരിലാണ് വിവിധ പരിപാടികള്‍ അരങ്ങേറിയത്. ബഹ്റൈന്‍ സാംസ്‌കാരിക-പുരാവസ്തു അതോറിറ്റി ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് വ്യത്യസ്ത സാംസ്‌കാരിക-പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചത്.

വൈകുന്നേരങ്ങളില്‍ ബാബുല്‍ ബഹ്റൈനില്‍ അരേങ്ങിയ സാംസ്‌കാരിക പരിപാടികള്‍ വീക്ഷിക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇരു രാജ്യക്കാരും ഒരുമിച്ചു കൂടിയത് കോവിഡ് കാലത്തെ അവിസ്മരണീയ അനുഭവമായി. 

മനാമയിലെ പ്രസിദ്ധ കവാടം 'ബാബുല്‍ ബഹ്റൈന്‍'  ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ അലങ്കരിച്ചാണ് ആഘോഷത്തിന് ആരംഭം കുറിച്ചത്. ബഹ്റൈന്‍ സാംസ്‌കാരിക പുരാവസ്തു അതോറിറ്റി മേധാവി ശൈഖ മായി ബിന്‍ത് മുഹമ്മദ് അല്‍ഖലീഫ, ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് ദിനങ്ങളിലായി ജയ്വന്ത് നായിഡുവും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി, ഫോട്ടോഗ്രഫി ടൂര്‍, കരകൗശല ശില്പശാല, ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെക്കുറിച്ച് ബോബ് താക്കറും യൂസുഫ് സലാഹുദ്ദീനും നടത്തിയ പ്രഭാഷണം തുടങ്ങിയവ ആഘോഷത്തിന്റെ മാറ്റു കൂട്ടി.

ബാബുല്‍ ബഹ്റൈന് സമീപം ഒരുക്കിയ 'ലിറ്റില്‍ ഇന്ത്യ മാര്‍ക്കറ്റ്' ഇരു രാജ്യങ്ങളുടെ രുചികളും കരകൗശല വസ്തുക്കളും പരിചയപ്പെടുത്തുന്നതായി. മലയാളി വിഭവങ്ങളുമായി ബഹ്റൈന്‍ കേരളീയ സമാജവും 'ലിറ്റില്‍ ഇന്ത്യ മാര്‍ക്കറ്റി'ന്റെ ഭാഗമായി.

 

click me!