
മനാമ: ബഹ്റൈനില്‍ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 10 വര്‍ഷം ജയില്‍ ശിക്ഷ. എന്‍ഡോവ്‍മെന്റ്സ് ഡയറക്ടറേറ്റിലെ ജീവനക്കാരനാണ് രാജ്യത്തെ ഒരു സ്‍കൂള്‍ ഉടമയില്‍ നിന്ന് 16,500 ദിനാര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കി ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
48 വയസുകാരനായ പ്രതി അനധികൃതമായി ഭൂമിയുടെ രേഖകളില്‍ മാറ്റം വരുത്തുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. എന്‍ഡോവ്‍മെന്റ്സ് ഡയറക്ടറേറ്റില്‍ നിന്ന് സ്‍കൂള്‍ ഉടമ പാട്ടത്തിനെടുത്ത ഭൂമിയില്‍ സ്‍കൂളിലെ അധ്യാപകര്‍ക്കും അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാര്‍ക്കും വേണ്ടി ക്വാര്‍ട്ടേഴ്‍സ് നിര്‍മിക്കുന്നതിനായി 2013ലാണ് കൈക്കൂലി നല്‍കിയത്.
കൈക്കൂലി നല്‍കിയ സ്‍കൂള്‍ ഉടമയ്‍ക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ കൈക്കൂലി വാങ്ങിയയാളും കൊടുത്തയാളും 16,500 ദിര്‍ഹം വീതം പിഴയടയ്‍ക്കുകയും വേണമെന്നും കോടതി വിധിയില്‍ പറയുന്നു. ഭൂമിയുടെ രേഖകള്‍ മാറ്റുന്നതിനായി താന്‍ പണം നല്‍കിയതായി സ്‍കൂള്‍ ഉടമ ഒരു കമ്മിറ്റിക്ക് മുമ്പാകെ അറിയിച്ചതോടെയാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയതും അഴിമതി നടന്ന കാര്യം വെളിച്ചത്തുവന്നതും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam