42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് ദുബായില്‍ 7 കോടിയുടെ സമ്മാനം

By Web TeamFirst Published Aug 6, 2019, 6:25 PM IST
Highlights

റാസല്‍ഖൈമയില്‍ ദീര്‍ഘകാലമായി താമിസിക്കുന്ന അനു സുധാകര്‍ വാങ്ങിയ 2686-ാം നമ്പര്‍ ടിക്കറ്റിനാണ് ആദ്യ സമ്മാനം. 47കാരനായ ഇദ്ദേഹമായിരുന്നു 42 പേരടങ്ങിയ സംഘത്തിന്റെ തലവന്‍. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. 

ദുബായ്: 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. 10 ഇന്ത്യക്കാര്‍ ചേര്‍ന്നുവാങ്ങിയ മറ്റൊരു ടിക്കറ്റിനും ഏഴ് കോടിയുടെ സമ്മാനം ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് ആകെ 52 ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തിയത്.

റാസല്‍ഖൈമയില്‍ ദീര്‍ഘകാലമായി താമിസിക്കുന്ന അനു സുധാകര്‍ വാങ്ങിയ 2686-ാം നമ്പര്‍ ടിക്കറ്റിനാണ് ആദ്യ സമ്മാനം. 47കാരനായ ഇദ്ദേഹമായിരുന്നു 42 പേരടങ്ങിയ സംഘത്തിന്റെ തലവന്‍. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. ഓരോരുത്തരും 25 ദിര്‍ഹം വീതമിട്ടാണ് ടിക്കറ്റ് വിലയായ 1000 ദിര്‍ഹവും നികുതിയും ഉള്‍പ്പെടെയുള്ള പണം കണ്ടെത്തിയത്. സമ്മാനം കിട്ടിയപ്പോള്‍ ഓരോരുത്തര്‍ക്കും 87,381 ദിര്‍ഹം വീതം (17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പങ്കിട്ടെടുക്കാനാവും.

ഏറെനാളായി ടിക്കറ്റെടുക്കാറുണ്ടായിരുന്നെങ്കിലും സമ്മാനം ലഭിച്ചപ്പോള്‍ വിശ്വാസിക്കാനായില്ലെന്ന് സുധാകര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനായ അദ്ദേഹം 10 വര്‍ഷത്തിലധികമായി യുഎഇയില്‍ ജീവിക്കുകയാണ്. ഇപ്പോള്‍ റാസല്‍ഖൈമയിലെ ഒരു കമ്പനിയില്‍ പവര്‍ പ്ലാന്റ് മാനേജരായി ജോലി ചെയ്യുന്നു. 42 പേരുള്ള സംഘത്തിന്റെ അംഗബലം തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 42 പേരും സമ്മാനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തപ്പോള്‍ വിജയം എളുപ്പമായെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരനായ നീരജ് ഹരിക്കാണ് ഏഴ് കോടിയുടെ മറ്റൊരു സമ്മാനം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം ഒന്‍പത് സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് ആ ടിക്കറ്റെടുത്തത്. ഓരോരുത്തര്‍ക്കും 70 ലക്ഷത്തിലധികം രൂപ ലഭിക്കും. ജബല്‍ അലിയിലെ ഒരു ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ ഹരി നാല് വര്‍ഷമായി ദുബായില്‍ താമസിച്ചുവരികയാണ്. 

click me!