വിമാന വിലക്ക്; പാതിവഴിയില്‍ കുടുങ്ങിയ പ്രവാസികളില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങി

By Web TeamFirst Published Dec 25, 2020, 5:57 PM IST
Highlights

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയും കുവൈത്തും പ്രഖ്യാപിച്ചിരുന്ന വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് യുഎഇ വഴിയുള്ള യാത്ര പ്രവാസികള്‍ തെരഞ്ഞെടുത്തിരുന്നത്. യുഎഇയിലെത്തി 14 ദിവസം അവിടെ ക്വാറന്റീനില്‍ കഴിഞ്ഞതിന് ശേഷം കൊവിഡ് പരിശോധന നടത്തി, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലേക്കോ കുവൈത്തിലേക്കോ പോകാനായിരുന്നു പദ്ധതി. 

ദുബൈ: വിമാന യാത്രാ വിലക്ക് കാരണം യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങി.  ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയും കുവൈത്തും വിമാന യാത്രക്ക് വിലക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിരവധിപ്പേര്‍ യുഎഇയില്‍ കുടുങ്ങിയത്. ഇവരില്‍ 95 പേരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ബാക്കിയുള്ളവരില്‍ ചിലര്‍ കൂടി അടുത്ത ദിവസങ്ങളില്‍ മടങ്ങും.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയും കുവൈത്തും പ്രഖ്യാപിച്ചിരുന്ന വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് യുഎഇ വഴിയുള്ള യാത്ര പ്രവാസികള്‍ തെരഞ്ഞെടുത്തിരുന്നത്. യുഎഇയിലെത്തി 14 ദിവസം അവിടെ ക്വാറന്റീനില്‍ കഴിഞ്ഞതിന് ശേഷം കൊവിഡ് പരിശോധന നടത്തി, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലേക്കോ കുവൈത്തിലേക്കോ പോകാനായിരുന്നു പദ്ധതി. ക്വാറന്റീന്‍, വിമാന യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പാക്കേജുകളും ചില ട്രാവല്‍ ഏജന്‍സികള്‍ സംവിധാനിച്ചിരുന്നു.

യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്ന നാട്ടിലേക്ക് മടങ്ങിപ്പോവുകയോ അല്ലെങ്കില്‍ അധിക പണം നല്‍കി യുഎഇയില്‍ തുടരുകയോ മാത്രമായിരുന്നു ഇവര്‍ക്ക് മുന്നിലുണ്ടായിരുന്ന വഴി. ചിലര്‍ യുഎഇയിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്തേക്ക് മാറി. യുഎഇയിലെ സന്നദ്ധ സംഘനകളും ഇത്തരത്തില്‍ രാജ്യത്ത് കുടുങ്ങിയവര്‍ക്കായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വിമാന വിലക്ക് തുടരുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയത്.

click me!