
ദുബായ്: ത്യാഗസ്മരണയിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ് ബലിപെരുന്നാൾ. ഗൾഫ് രാജ്യങ്ങളിലുട നീളമുള്ള പള്ളികളില്‍ പെരുന്നാൾ നമസ്‌കാരം പൂർത്തിയായി.
പുലർച്ചെ സൂര്യോദയത്തിന് മുൻപ് തന്നെ യുഎഇയിലെ റോഡുകളെല്ലാം പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പോകുന്ന കുടുംബങ്ങളെക്കൊണ്ട് സജീവമായിരുന്നു. ജാതി-മത-ദേശ ഭേദമന്യേ പ്രവാസികളും സ്വദേശികളും ഒരുമിച്ച് ചേർന്നപ്പോൾ യുഎഇയിലെ പുണ്യഭൂമികൾ ഒരുമയുടെയും സ്നേഹത്തിന്റെയും വേദിയായി മാറി. ഇന്ന് പുലർച്ചെ ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും പ്രഭാത നിശബ്ദതയെ ഭേദിച്ചുകൊണ്ട് പെരുന്നാൾ തക്ബീർ ധ്വനികൾ പള്ളികളിൽ നിന്ന് ഉയർന്നുകേട്ടു. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന ജനസഹസ്രങ്ങൾ പള്ളികളിലേക്ക് ഒഴുകിയെത്തി. നമസ്‌കാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രാർത്ഥനാ ഹാളുകളും പള്ളിയുടെ മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. അബുദാബി, ഷാർജ, അജ്മാൻ ഉൾപ്പെടെയുള്ള എല്ലാ എമിറേറ്റുകളിലും സമാനമായ കാഴ്ചകളാണ് ദൃശ്യമായത്.
നമസ്‌കാരത്തിനായി അണിനിരക്കുന്നതിന് മുൻപ് തന്നെ പരസ്പരം കെട്ടിപ്പിടിച്ചും കൈകൊടുത്തും വിശ്വാസികൾ 'ഈദ് മുബാറക്' ആശംസകൾ കൈമാറി. പള്ളിയിൽ പ്രാർത്ഥനയ്ക്കായി അണിനിരന്നതോടെ അന്തരീക്ഷം പൂർണ്ണമായും ഭക്തിസാന്ദ്രമായി. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞിറങ്ങി പള്ളിക്ക് പുറത്ത് ഒത്തുകൂടിയ ജനങ്ങൾ ദീർഘനേരം പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു. മുതിർന്നവരിൽ നിന്ന് പെരുന്നാൾ പണം (ഈദി) വാങ്ങുന്ന തിരക്കിലായിരുന്നു കുട്ടികൾ. മുതിർന്നവർ പരസ്പരം കെട്ടിപ്പിടിച്ച് ആരോഗ്യത്തിനും ലോകസമാധാനത്തിനുമായി പ്രാർത്ഥിച്ചു. പുലർകാലത്തെ നിശബ്ദതയ്ക്ക് വഴിമാറി നാടെങ്ങും ചിരിയുടെയും സന്തോഷത്തിന്റെയും ശബ്ദങ്ങൾ ഉയർന്നു. പെരുന്നാൾ ആഘോഷം പ്രാർത്ഥനയോടെയാണ് ആരംഭിക്കുന്നതെങ്കിലും, നമസ്‌കാരത്തിന് ശേഷം അപരിചിതരും സുഹൃത്തുക്കളും തമ്മിൽ പള്ളിമുറ്റത്ത് പങ്കുവെക്കുന്ന ഈ മാനുഷികമായ ഒത്തുചേരലുകളാണ് ഓരോ പെരുന്നാളിനെയും ഹൃദയത്തോട് ചേർത്തുവെക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നത്.
ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിലെ വിപണികളിലും മാളുകളിലും കഴിഞ്ഞ ദിവസം വൻ തിരക്കായിരുന്നു. ഇറച്ചി, മാംസം, മത്സ്യം, മറ്റു ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങാനായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടമാണ് വാണിജ്യ കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നത്. പെരുന്നാൾ പ്രമാണിച്ച് വൻ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളുമാണ് പ്രമുഖ ഹൈപ്പർമാർക്കറ്റുകളും ബ്രാൻഡുകളും ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ അവധിക്കാലം പ്രമാണിച്ച് ഗൾഫിലെ തിയറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രാര്‍ഥനകള്‍ക്ക് ശേഷം കുടുംബസംഗമങ്ങളും വിനോദ പരിപാടികളുമായി അവധി ദിനങ്ങള്‍ സന്തോഷകരമാക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ. സര്‍ക്കാര്‍ വകുപ്പുകളും ടൂറിസം കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും ചേര്‍ന്ന് വിപുല ആഘോഷ പരിപാടികള്‍ പല കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam