ഹജ്ജ് സമ്മേളനവും എക്സ്പോയും ജിദ്ദയിൽ നാളെ മുതൽ

Published : Nov 08, 2025, 05:33 PM IST
hajj conference

Synopsis

ഹജ്ജ് സമ്മേളനവും എക്സ്പോയും ജിദ്ദയിൽ നാളെ ആരംഭിക്കും. ഡിജിറ്റൽ പരിവർത്തനം, സ്മാർട്ട് മാനേജ്മെന്‍റ് പരിഹാരങ്ങൾ എന്നിവയിലൂന്നിയുള്ള ചർച്ചകളാണ് ഇത്തവണ നടക്കുക.

റിയാദ്: ഹജ്ജ് സമ്മേളനവും എക്സ്പോയും ജിദ്ദയിൽ നാളെ ആരംഭിക്കും. ജിദ്ദയിലെ സൂപ്പർഡോമിൽ ബുധനാഴ്ച വരെ നീണ്ടുനിൽക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ രക്ഷാകർതൃത്വത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയമാണ് സംഘാടകർ. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വികസിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ, നഗരവികസനം, മാനവ വിഭവശേഷി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും തന്ത്രപരമായ കരാറുകൾ ഒപ്പിടാനും സമ്മേളനം ലക്ഷ്യമിടുന്നു.

ഡിജിറ്റൽ പരിവർത്തനം, സ്മാർട്ട് മാനേജ്മെന്‍റ് പരിഹാരങ്ങൾ എന്നിവയിലൂന്നിയുള്ള ചർച്ചകളാണ് ഇത്തവണ നടക്കുക. ഹജ്ജ് സംവിധാനത്തിലെ ഏറ്റവും പുതിയ പരിഹാരങ്ങളും കണ്ടുപിടിത്തങ്ങളും വിലയിരുത്തുന്നതിനും പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്കിടയിൽ ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമായി വിദഗ്ധർ, സ്പെഷ്യലിസ്റ്റുകൾ, വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവരെ ഒരുമിപ്പിക്കുന്ന ആഗോള വേദിയാവുമിത്. സമ്മേളനത്തിൽ 80-ലധികം സംവാദ സെഷനുകളും 60 പ്രത്യേക വർക്ക്‌ഷോപ്പുകളും നടക്കും. 

അക്കാദമിക് വിദഗ്ധരും ഗവേഷകരും ഹജ്ജ് കാര്യാലയങ്ങളുടെ പ്രതിനിധികളുമുൾപ്പെടെ 95-ലധികം വിദഗ്ധരും പ്രഭാഷകരും പങ്കെടുക്കും. ലോകമെമ്പാടുമുള്ള 2,400-ലധികം പരിശീലകർക്ക് ഈ പരിപാടി പ്രയോജനപ്പെടും. കൂടാതെ 52,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള പ്രദർശന വേദിയിൽ 13 മേഖലകളിൽനിന്നുള്ള 260-ലധികം പ്രദർശകർ അണിനിരക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ‘ഈഷാത്തോൺ’, പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന ‘വിശുദ്ധ സ്ഥലങ്ങളെ മാനുഷികമാക്കൽ’ തുടങ്ങിയ നൂതന സംരംഭങ്ങളും കോൺഫറൻസിൽ അവതരിപ്പിക്കും. ഒന്നര ലക്ഷം സന്ദർശകരെയാണ് ഈ വർഷത്തെ പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ തകർത്തു പെയ്ത് മഴ, വീശിയടിച്ച് കാറ്റും; ചിത്രങ്ങൾ കാണാം
ഉദ്യോഗസ്ഥർക്ക് തുടർച്ചയായി കോളുകൾ, ഉണ്ടായത് വൻ വാഹനാപകടമോ? മരത്തിൽ തൂങ്ങിക്കിടക്കുന്ന കാർ, ഒടുവിൽ ട്വിസ്റ്റ്