
ദമാം: കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ഹറമിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. സന്ദർശന വിലക്ക് തുടരുന്നതിനാൽ, തുടർ നടപടികളെ കുറിച്ച് അറിയാൻ ഹജ്ജ് ഉംറ മന്ത്രാലയത്തെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറ, ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് സൗദിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. മുഴുവൻ ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉംറ വിസ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇതിനകം ഉംറ വിസ ലഭിച്ചവർ രാജ്യത്തു പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാലിവർ തുടർ നടപടികളെ കുറിച്ച് അറിയുന്നതിന് 00966 920002814 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.
അതേസമയം ഉംറ തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി വിശുദ്ധ ഹറമിൽ കാർപെറ്റ് വിരിക്കാത്ത ഭാഗങ്ങൾ ദിവസേന നാലു പ്രാവശ്യം കഴുകി അണുവിമുക്തമാക്കുന്നതായി ഹറം കാര്യ വകുപ്പ് അറിയിച്ചു.
ഹറമിൽ നിസ്‌കാരത്തിന് നീക്കിവെച്ച സ്ഥലങ്ങളിൽ വിരിച്ച 13,500 കാർപ്പെറ്റുകൾ ദിവസേന നീക്കം ചെയ്‌ത്, ഈ സ്ഥലങ്ങളും കഴുകി അണുവിമുക്തമാക്കുന്നതായി ക്ലീനിംഗ് വിഭാഗം മേധാവി ജാബിർ വുദ്ആനി പറഞ്ഞു.
അണുനശീകരണ, പ്രതിരോധ ജോലികൾക്കായി ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും ജാബിർ വുദ്ആനി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ