യാചകരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ!

By Web TeamFirst Published Oct 31, 2022, 7:58 PM IST
Highlights

പിടികൂടിയ യാചകരില്‍  875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

ഷാര്‍ജ: ഷാര്‍ജയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ പിടികൂടിയത് 1,111 യാചകരെ. വിവിധ രാജ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

പിടികൂടിയ യാചകരില്‍  875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്‍റെ 80040, 901 എന്നീ നമ്പരുകള്‍ വഴി പൊതുജനങ്ങള്‍ നേരിട്ട് വിളിച്ച് അറിയിച്ചതിലൂടെയും കണ്‍ട്രോള്‍, പട്രോള്‍ സംഘങ്ങളുടെ ഫീല്‍ഡ‍് ക്യാമ്പയിനുകളിലൂടെയുമാണ് ഭിക്ഷാടകര്‍ പിടിയിലായത്.

ഭിക്ഷാടകര്‍ക്കെതിരായ ക്യാമ്പയിന്‍ തുടരുകയാണ്. 2020-2021 കാലഘട്ടത്തില്‍ ആകെ  1,409 യാചകരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ആകെ 500,000 ദിര്‍ഹം (ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവുമെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. 

അസുഖബാധിതരാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും പറ‌ഞ്ഞാണ് ഭൂരിഭാഗം പേരും ഭിക്ഷാടനം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ചിലര്‍ ഭക്ഷണം വാങ്ങാനുള്ള പണമാണ് ആവശ്യപ്പെടുക. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ യാചകര്‍ക്ക് പണം നല്‍കരുതെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Read More -  യാചന നടത്തിയ പ്രവാസികളടക്കം നാലുപേർ സൗദിയിൽ പിടിയിൽ

അതേസമയം കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 17 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം കുവൈത്തില്‍ നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.  മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് കഴിഞ്ഞ ദിവസം 17 പേരെ അറസ്റ്റ് ചെയ്‍തത്.

Read More - മന്ത്രവാദത്തിനുള്ള സാധനങ്ങളുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

 

click me!