
റിയാദ്: മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പ്രവൃത്തികളും പരീക്ഷണ സര്‍വ്വീസും മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് ഗതാഗത മന്ത്രി നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി അറിയിച്ചു.
450 കിലോമീറ്റര്‍ നീളമുള്ള റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രി പറഞ്ഞു. സ്റ്റേഷനുകളുടെ പരിശോധനയും മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രാക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. പുണ്യ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 120 മിനിറ്റുകള്‍ മാത്രമാണ് ഇനി ആവശ്യമായി വരിക. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫസ്റ്റ് ക്ലാസ് യാത്രാ ആനുഭവം സമ്മാനിക്കുന്നതിന് പുറമേ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കുന്നിനും പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷ.
റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന സൗദി ലാന്റ് ബ്രിഡ്ജ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി പറഞ്ഞു. ജിദ്ദയ്ക്കും റിയാദിനും ഇടയില്‍ 950 കിലോമീറ്റര്‍ നീളുന്ന പുതിയ പാതയും ദമാമിനും ജുബൈലിനും ഇടയില്‍ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ജിദ്ദ-യെയും റിയാദിനെയും ബന്ധിപ്പിക്കുന്ന റെയില്‍ ലിങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ യാത്രാ ദൂരം ആറ് മണിക്കൂറായി കുറയും. നിലവില്‍ ബസില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്രയാണിത്.
പോളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഗണുകളാണ് അല്‍ ഹറമൈന്‍ സര്‍വ്വീസില്‍ ഉപയോഗിക്കുക. ഇവയുടെ ടെസ്റ്റിങ് പുരോഗമിക്കുകയാണ്. മണലും കടുത്ത ചൂടും പോലുള്ള സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന വാഗണുകളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam