
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസരേഖ പുതുക്കുന്നതിനുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് ഇനി മുതൽ ഓൺലൈൻ വഴി മാത്രം. ഞായറാഴ്ച മുതൽ ഔട്ട് സോഴ്‌സിങ് കേന്ദ്രം വഴി നേരിട്ട് ഫീസ് സ്വീകരിക്കുന്നത് നിർത്തും. ഫീസ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക വെബ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
ജനുവരിയിൽ തന്നെ ഇൻഷുറൻസ് ഓഫിസിൽ പോകാതെ പ്രീമിയം തുക ഓൺലൈൻ വഴി അടക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ജൂലൈ 28 മുതൽ ഇത് നിർബന്ധമാക്കുന്നതോടെ പേപ്പർ സംവിധാനം ഇല്ലാതാവും. നേരത്തെ ഔട്ട്സോഴ്സിങ് കമ്പനിയാണ്
വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സ്വീകരിച്ചിരുന്നത്.
ഇഖാമ പുതുക്കുന്നതിന് മുമ്പ് ആളുകൾ ഔട്ട് സോഴ്‌സിങ് കേന്ദ്രത്തിലെത്തി വരിനിന്ന് ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കുന്ന രീതി ഇതോടെ അവസാനിക്കും. ഇതിനു പകരമായാണ് ആരോഗ്യമന്ത്രാലയം ഓൺലൈൻ ഏകജാലക സംവിധാനം ആരംഭിച്ചത്. പുതിയ സംവിധാനത്തിൽ ഇൻഷുറൻസ് ഓഫിസിൽ പോകാതെ പ്രീമിയം തുക അടക്കാനും ഇൻഷുറൻസ് നടപടി പൂർത്തിയാക്കാനും കഴിയും.
സർക്കാർ മേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാർ, ഗാർഹികത്തൊഴിലാളികൾ, ആശ്രിത വിസയിൽ താമസിക്കുന്നവർ, തുടങ്ങിയ എല്ലാ വിസ കാറ്റഗറികളിൽ ഉള്ള വിദേശികൾക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam