യുഎഇയില്‍ പരക്കെ മഴ; ഗതാഗതം സ്തംഭിച്ചു, ജനജീവിതം താറുമാറായി

By Web TeamFirst Published Nov 26, 2018, 4:47 PM IST
Highlights

സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു.  പല സ്കൂളുകളിലും ഹാജര്‍ നില വളരേ കുറവാണ്. 

അബുദാബി: യുഎഇയിൽ പരക്കെ മഴ. റോഡുകളിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു.  പല സ്കൂളുകളിലും ഹാജര്‍ നില വളരേ കുറവാണ്. വടക്കൻ മലയോര പ്രദേശങ്ങളായ അൽജീർ, ഷാം, ഖോർ ഖോർ എന്നിവിടങ്ങളിലെ വാദികള്‍ നിറഞ്ഞൊഴുകി. തെക്കുകിഴക്കൻ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും തരക്കേടില്ലാത്ത മഴ ലഭിച്ചു. എന്നാൽ, പ്രധാന നഗരപ്രദേശങ്ങളിൽ തണുത്ത കാറ്റും ചാറ്റൽ മഴയുമാണ് കൂടുതലും അനുഭവപ്പെട്ടത്. 

അസ്ഥിരമായ കാലാവസ്ഥ നാളെയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകൾ രൂപപ്പെട്ടു. വടക്ക്, കിഴക്കൻ മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്. മറ്റു മേഖലകളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും. മഴയില്‍ ദൂരക്കാഴ്ച പരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ തിരമാലകൾ നാലുമുതൽ ആറ് അടിവരെ ഉയരുമെന്നും കടലിൽ കുളിക്കാൻ ഇറങ്ങരുതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

click me!