ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published May 2, 2024, 9:53 AM IST
Highlights

ശക്തമായ മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം രാജ്യത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്.  മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി. 

പുലര്‍ച്ചെ മൂന്ന് മണിക്ക് ഇടിയും മിന്നലും ഉണ്ടായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം രാജ്യത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ ദഫ്ര, അല്‍ സില പ്രദേശങ്ങളിലാണ് കനത്ത മഴ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാത്രി എട്ടു മണി വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മെയ് രണ്ട്, മൂന്ന് തീയതികളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഷാര്‍ജയിലും ദുബൈയിലും സ്കൂളുകള്‍ക്ക് വിദൂര പഠനം ഏര്‍പ്പെടുത്തി. പാര്‍ക്കുകളും ബീച്ചുകളും അടച്ചു. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Read Also - യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും

അതേസമയം ഒമാനിലും ഇന്ന് കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് രണ്ട് വ്യാഴാഴ്ച കനത്ത മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20-80 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ബത്തിന, സൗത്ത് അല്‍ ബത്തിന, മസ്കറ്റ്, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച രാത്രി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുസന്ദം, അല്‍ വുസ്ത, സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ വിവിധ തീവ്രതകളില്‍ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. മണിക്കൂറില്‍ 28 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!