
ദുബൈ: ഗള്‍ഫിലെ മരുപ്പച്ച തേടി കടല്‍ കടന്ന മലയാളി ആദ്യം കാലുകുത്തിയ മണ്ണ്. ദുബൈ എന്നു പറഞ്ഞ് പത്തേമാരി ഉടമകള്‍ യാത്രക്കാരെ ഇറക്കിവിട്ട ആ പാറക്കെട്ട് ഇപ്പോഴും ഖോര്‍ഫുക്കാനില്‍ തലയെടുപ്പോടെ നില്‍പ്പുണ്ട്. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ കടല്‍തീരത്തിനു പറയാന്‍ ചരിത്രം ഏറെയുണ്ട്.
1960ല്‍ മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ച കാലത്ത് ജീവിതമാര്‍ഗം തേടി മുംബൈയില്‍ നിന്ന് കടല്‍താണ്ടിയെത്തിയവരെ ഉരു ഉടമകള്‍ ഇറക്കിവിട്ടത് ഖോര്‍ഫക്കാനിലെ ഈ പാറക്കെട്ടിലാണ്. ഹോര്‍മുസ് കടലിടുക്ക് ചുറ്റി ദുബൈയിലെത്തിയാല്‍ പൊലീസ് പിടിയിലാവാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഫുജൈറയ്ക്കടുത്തുള്ള വിജനമായ ഖോര്‍ഫക്കാന്‍ തീരത്തെ അവര്‍ ആശ്രയിച്ചത്. മണിക്കൂറുകളോളം പാറക്കെട്ടില്‍ കഴിഞ്ഞ് പൊലീസില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം തീരത്തേക്ക് നീന്തിക്കയറും. സ്വപ്നഭൂമിതേടിയെത്തിയവരില്‍ നീന്തലറിയാത്ത എത്രയോ പേര്‍ ഈ മണ്ണില്‍ മരിച്ചു വീണു.
വിശപ്പും ദാഹവും സഹിച്ച് രോഗങ്ങളോട് മല്ലിടിച്ച് മരിക്കാതെ കരപറ്റിയവര്‍ക്ക് കഞ്ഞിവിളമ്പിയും കിടക്കാന്‍ ഇടം നല്‍കിയും ദുബൈയിലേക്ക് കയറ്റിവിടാന്‍ സൗകര്യമൊരുക്കിയ സിദ്ദിഖ് ഖാദറിന് ത്യാഗത്തിന്റെ വലിയൊരു കഥ തന്നെ പറയാനുണ്ട്. പതിനേഴാം വയസ്സില്‍ കപ്പല്‍വഴി ഖോര്‍ഫക്കാനിലെത്തിയ ഇദ്ദേഹം ആദ്യമായി അറബ് നാട്ടിലെത്തിയ മലയാളികള്‍ക്ക് ദൈവതുല്യനായിരുന്നു.
കടല്‍തീരത്തൂടെ കാല്‍നടയായും മലയിറങ്ങി വന്ന അറബികളുടെ വണ്ടികളില്‍ വലിഞ്ഞുകയറിയും ദുബൈയിലെത്തി ജീവിതം കരുപിടിപ്പിച്ച പൂര്‍വികരുടെ കഥ പുതുതലമുറയ്ക്ക് ചിന്തിക്കാന്‍ പോലുമാവില്ല.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ