ചരിത്രം തിരുത്തി സൗദിയില്‍ ഹോളിവുഡ് സിനിമയുടെ ഷൂട്ടിങ്

By Web TeamFirst Published Dec 4, 2019, 8:39 PM IST
Highlights

ചരിത്രത്തിലാദ്യമായി ഒരു വിദേശ ചിത്രത്തിന്‍റെ ചിത്രീകരണം സൗദി അറേബ്യയില്‍ ആരംഭിക്കുന്നു. 

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി ഒരു വിദേശ സിനിമ ഷൂട്ട് ചെയ്യുന്നു. പുതിയ ഹോളിവുഡ് സിനിമ ‘ചാമ്പ്യൻസ്’ ആണ് ജിദ്ദയിൽ അടുത്ത മാസം ഷൂട്ട് ചെയ്യുകയെന്ന് പ്രശസ്ത ചലച്ചിത്ര നിർമാതാവും ഓസ്കാർ അവാർഡ് ജേതാവുമായ ആൻഡ്രസ് ഗോമസ് അറിയിച്ചു. റിയാദിൽ നടന്ന സൗദി മീഡിയ ഫോറം ദ്വിദിന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ വർഷം സൗദി അറേബ്യയിലുൾപ്പെടെ സൂപ്പർ ഹിറ്റായ ‘ബോൺ എ കിങ്’ എന്ന സിനിമയുടെ നിർമാതാവാണ് ആൻഡ്രസ് ഗോമസ്. ജനുവരിയിൽ തുടക്കത്തിൽ തന്നെ ഷൂട്ടിങ് തുടങ്ങും. സൗദി അറേബ്യയിൽ ഒരു സിനിമ ഷൂട്ട് ചെയ്യുമ്പോൾ അത് കേവലമൊരു സിനിമയുടെ നിർമാണം മാത്രമല്ല, ഒരു വ്യവസായത്തെ തന്നെ പുതുതായി നിർമിച്ചെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിൽ സിനിമ നിർമിക്കാൻ എക്കാലത്തും വലിയ ആഗ്രഹവും ആവേശവും മനസിൽ കൊണ്ടുനടന്ന ആളാണ് താൻ. എന്നാൽ, സൗദിയിൽ സിനിമ നിർമിക്കുമ്പോൾ അതിൽ ചില വെല്ലുവിളികളുണ്ടെന്നും ആൻഡ്രസ് ഗോമസ് പറഞ്ഞു.

ഒരു സിനിമ നിർമിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. ഇനി ഉണ്ടായിട്ടുവേണം. ഒരു വ്യവസായം എന്ന നിലയിൽ സിനിമക്ക് സൗദി അറേബ്യയിൽ അന്തമായ സാധ്യതകളാണുള്ളത്.  നിർമാണത്തിനാവശ്യമായ മുഴുവൻ സൗകര്യങ്ങളും സംവിധാനങ്ങളും സ്വന്തമായി ഉണ്ടാകേണ്ടിയിരിക്കുന്നു. ഗവൺമെൻറ് ഇക്കാര്യത്തിൽ വലിയ ചുവടുവെപ്പുകൾ തന്നെ നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

click me!