
ദുബൈ: തൃശൂര്‍ സ്വദേശിയായ തൃശൂർ സ്വദേശി സബിഷ് പേരോത്തിനും സുഹൃത്തുക്കള്‍ക്കും ഇത് സന്തോഷത്തിന്‍റെ ദിവസങ്ങളാണ്. കാത്ത് കാത്തിരുന്ന സമ്മാനം കയ്യിലെത്തിയതിന്‍റെ സന്തോഷം. പ്രതീക്ഷയുടെ അഞ്ച് വര്‍ഷങ്ങള്‍ വെറുതെയായില്ലെന്ന ആശ്വാസവും. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടര കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് സബിഷും സുഹൃത്തുക്കളും.
ജബല്‍ അലിയില്‍ ലോജിസ്റ്റിക്സ് കമ്പനിയില്‍ സീനിയര്‍ ഓപ്പറേഷന്‍ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സബിഷ് വാങ്ങിയ 4296 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിന് വമ്പന്‍ ഭാഗ്യം നേടിക്കൊടുത്തത്. ജൂലൈ നാലിന് ഓൺലൈനായാണ് സബിഷ് ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഒമ്പത് ഇന്ത്യൻ സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ ഈ സംഘം കഴിഞ്ഞ ആറ് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നുണ്ട്.
തുടക്കത്തില്‍ ഞങ്ങള്‍ 20 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 10 പേര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടര്‍ന്നു. നിലവില്‍ ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ആറ് വര്‍ഷമായി വാങ്ങുന്നുണ്ട് സബിഷ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ഷാര്‍ജയില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം താമസിക്കുകയാണ് സബിഷ്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ സീരീസ് 508-ാമത്തെ നറുക്കെടുപ്പില്‍ വിജയിയായ വിവരം ബുധനാഴ്ച തന്നെ അറിയിച്ചപ്പോള്‍ സ്തബ്ധനായെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം അതൊരു പ്രാങ്ക് കോള്‍ ആണെന്നാണ് വിചാരിച്ചത്. പിന്നീട് ഫേസ്ബുക്ക് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് ഉറപ്പാക്കിയപ്പോള്‍ താന്‍ വിറയ്ക്കാന്‍ തുടങ്ങിയെന്നും സബിഷ് ഓര്‍ത്തെടുത്തു. ഉടന്‍ തന്നെ ഭാര്യയെയും സുഹൃത്തുക്കളെയും വിളിച്ചെന്നും തങ്ങള്‍ കോടീശ്വരന്മാരായെന്ന് അറിയിച്ചതായും എല്ലാവരും ത്രില്ലടിച്ചതായും സബിഷ് കൂട്ടിച്ചേര്‍ത്തു. ഇതേ കമ്പനിയിലെ നാലാമത്തെ ദുബൈ ഡ്യൂട്ടി ഫ്രീ വിജയിയാണ് സബിഷ്.
വ്യത്യസ്ത രാജ്യങ്ങളിലേക്ക് കുടുംബവുമായി യാത്ര പോകാനാണ് സബിഷിന്‍റെ ആഗ്രഹം. സംഘത്തിലെ ചിലര്‍ ജോലി രാജി വെച്ച് ഇന്ത്യയിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുണ്ട്. ഇതിന് മുമ്പായി തന്‍റെ 11കാരിയായ മകള്‍ക്ക് അവള്‍ ഏറെ ആഗ്രഹിക്കുന്ന കളിപ്പാട്ടങ്ങള്‍ പ്രത്യേകിച്ച് ലബൂബു വാങ്ങി നല്‍കണമെന്നും സബിഷ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ