
ദുബായ്: പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി 'സ്മാര്‍ട് ടണല്‍' സംവിധാനം. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ യാത്രക്കാരുടെ 'പുറപ്പെടല്‍' ഭാഗത്താണ് ഇത്തരം സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രാ രേഖകളില്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് ടണല്‍ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
സ്മാര്‍ട് ടണല്‍ സജ്ജീകരിച്ചിട്ടുള്ള പാതയിലൂടെ ഒരു തവണ നടന്നിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും എന്നുള്ളതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. യാത്രക്കാര്‍ ടണലിലൂടെ നടന്നുനീങ്ങുമ്പോള്‍ അവിടെയുള്ള ക്യാമറയില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. പാസ്പോര്‍ട്ടില്‍ എക്സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്സ് ഐഡി സ്മാര്‍ട് സിസ്റ്റത്തില്‍ പഞ്ച് ചെയ്യുകയോ വേണ്ട.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്ഡ സംവിധാനമാണിത്. സ്മാര്‍ട് ടണലിലൂടെ നടക്കുമ്പോള്‍ ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ഉറപ്പുവരുത്തും. അതുവഴിയാണ് സ്മാര്‍ട് ടണലിലെ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേദാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കഴിഞ്ഞ വര്‍ഷമാണ് സ്മാര്‍ട് ടണല്‍ സംവിധാനം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. യുഎഇ നിര്‍മ്മിച്ച ഈ സംവിധാനം ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ നടപടികള്‍ സുഗമമാക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ പറഞ്ഞു.
സ്മാര്‍ട് ടണല്‍ വഴി യാത്ര ചെയ്യാന്‍ ആളുകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ കിയോസ്ക്കുകളിലോ രജിസ്ട്രേഷന്‍ നടത്താം. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് സ്മാര്‍ട് ഗേറ്റുകളിലൂടെ യാത്ര ചെയ്യുന്നവരുടെ വിവരങ്ങള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ അവര്‍ക്ക് നേരിട്ട് സ്മാര്‍ട് ടണല്‍ സംവിധാനത്തിലൂടെ യാത്ര ചെയ്യാം. ചുരുങ്ങിയത് ആറുമാസം വാലിഡിറ്റിയെങ്കിലും ഉള്ള പാസ്പോര്‍ട്ടും കയ്യില്‍ കരുതണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam