
ദുബൈ: പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ദുബൈയിലെ സ്വർണവില. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണ വില തിരിച്ചുകയറി. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് 359 ദിർഹമായി വില ഉയർന്നു. ചിലയിടങ്ങളിൽ 362 ദിർഹമാണ് വില. ഇന്നലെ രാത്രിയിൽ ദുബൈയിലെ സ്വർണ വില 350 ദിർഹമിലും താഴെ എത്തിയിരുന്നു. വിപണിയുടെ പോക്ക് അനുസരിച്ച് സ്വർണത്തിന്റെ വില 340 ദിർഹം വരെ താഴ്ന്നേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് സ്വർണം വാങ്ങാമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികൾക്ക് പോലും ഒരു തിരിച്ചടിയെന്നോണമാണ് പൊന്നിന്റെ വില ഉയർന്നത്. വിലയിൽ വന്ന ഈ കയറ്റം ആഭരണ വ്യാപാരികളെയും അടിമുടി നിരാശയിലാക്കിയിരിക്കുകയാണ്.
ഇന്നോ ഈ ആഴ്ചയിലോ സ്വർണം വാങ്ങുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നതിൽ അർത്ഥമേയില്ല എന്ന് ദുബൈയിലെ ഒരു സ്വർണ വ്യാപാരി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ദുബൈയിലെ സ്വർണവില ഗ്രാമിന് 10 ദിർഹം മുതൽ 12 ദിർഹം വരെ കുറയുകയും കൂടുകയും ചെയ്തു. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ വരാനിരിക്കുന്ന ഒരാഴ്ച സ്വർണത്തിന്റെ വിലയിലെ മാറ്റം നിരീക്ഷിക്കണമെന്നും അതിനുശേഷം മാത്രം പൊന്ന് വേടിക്കണമെന്നും ഇദ്ദേഹം പറയുന്നു.
സ്വർണ വിപണിയിൽ അത്യപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ വിലയിൽ ചാഞ്ചാട്ടം സംഭവിക്കുന്നത്. ഇന്നലെ യുഎഇയിലെ സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവരങ്ങൽ പ്രകാരം ഏപ്രിൽ 21ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയായ 381.50 ദിർഹത്തിൽ നിന്ന് വലിയ കുറവായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam