എമിഗ്രേഷൻ നിയമത്തിൽ കാതലായ മാറ്റം വരുത്തും: വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

By Web TeamFirst Published Jun 15, 2019, 12:06 AM IST
Highlights

ബിജെപി സർക്കാരിൽ മതന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കേന്ദ്രസർക്കാർ ഏതെങ്കിലുമൊരു വിഭാഗത്തിന് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

ദുബായ്: എമിഗ്രേഷൻ നിയമത്തിൽ കേന്ദ്രസർക്കാർ കാതലായ മാറ്റം വരുത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബിജെപി ഭരിക്കുന്നത് കൊണ്ട് മതന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.

ഗൾഫ് നാടുകളിലെത്തി ആരും തൊഴിൽതട്ടിപ്പില്‍ കുടുങ്ങരുതെന്ന് കേന്ദ്രസർക്കാരിന് നിർബന്ധമുണ്ട്. ഇതിനായി ഇമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തും. തൊഴിലാളികളുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തി സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കൂടിയാവും പുതിയ ഇമിഗ്രേഷൻ നിയമം നടപ്പിലാക്കുക.

ആധാറില്ലാത്തതിന്‍റെ പേരിൽ പ്രവാസികൾക്ക് ഒരു സേവനവും നിഷേധിക്കില്ല. ആധാറിലെ ആശയക്കുഴപ്പങ്ങൾ ഉടൻ പരിഹരിക്കും. ബിജെപി സർക്കാരിൽ മതന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കേന്ദ്രസർക്കാർ ഏതെങ്കിലുമൊരു വിഭാഗത്തിന് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഒരു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി ദുബായ് സോനാപൂരിലെ ലേബർ ക്യാമ്പ് സന്ദര്‍ശിച്ച് തൊഴിലാളികളുമായി സംവദിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത മുരളീധരന്‍ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഐബിപിസി ഒരുക്കിയ സ്വീകരണ ചടങ്ങിലും പങ്കെടുത്തു.

click me!