ഇന്ത്യയിപ്പോൾ അപദേശീയതയുടെ പാതയിൽ: കെടി കുഞ്ഞിക്കണ്ണന്‍

By Web TeamFirst Published Dec 1, 2019, 9:23 PM IST
Highlights

ദേശീയത എന്നത് ഒരു സമ്പദ്ഘടനയുടെ സ്വാശ്രയത്വമായിരിക്കണമെന്നും എന്നാൽ ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വമാണ് പൊതുമേഖലകളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെടി കുഞ്ഞിക്കണ്ണന്‍. 

റിയാദ്: ദേശീയത എന്നത് ഒരു സമ്പദ്ഘടനയുടെ സ്വാശ്രയത്വമായിരിക്കണമെന്നും എന്നാൽ ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വമാണ് പൊതുമേഖലകളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെടി കുഞ്ഞിക്കണ്ണന്‍. 

റിയാദിൽ ചില്ല സര്‍ഗവേദി സംഘടിപ്പിച്ച സംവാദ സദസ് ‘ലെറ്റ്‌ബെയ്റ്റി’ന്‍റെ രണ്ടാം പതിപ്പിൽ ‘സംസ്കാരത്തിന്‍റെ സമരമുഖങ്ങള്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം ദേശീയതയെ കുറിച്ച് സംസാരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തിന്‍റെ എല്ലാ വിഭവസ്രോതസ്സുകളും സ്വകാര്യവല്‍ക്കരിച്ച് അപദേശീയവല്‍ക്കരണമാണ് നടത്തികൊണ്ടിരിക്കുന്നത്. 

ഇതിനെതിരെ പ്രതികരിക്കേണ്ടതും പ്രതികരിച്ചുകൊണ്ടിരിക്കുന്നതും ഇന്ത്യയിലെ ഇടതുപക്ഷമാണ്. പശുഹത്യയാണ് ഏറ്റവും കടുത്ത ദേശവിരുദ്ധതയായി സംഘ്പരിവാര്‍ ശക്തികള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വേദങ്ങളിലോ ഇതിഹാസങ്ങളിലോ ഗോവധം പാടില്ലെന്നോ ഗോമാംസം ഭക്ഷിക്കരുതെന്നോ പറയുന്നില്ല. ഡോ. എസ് രാധാകൃഷണെന്‍റെ ഋഗ്വേദപഠനങ്ങളിൽ പോലും ദേവീദേവന്മാരെല്ലാം പശുമാംസം കഴിക്കുന്നവരാണെന്ന് വ്യക്തമാക്കുന്നുണ്ട്‍. 

ഉത്തരാധുനികതയുടെ അപകടം അത് സൂക്ഷമമായതാണ്. സുന്ദരമെന്ന് പറയുകയും അതിലൂടെ സൂക്ഷ്മസ്വത്വങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ അവസരം നൽകുകയും ചെയ്യുന്നു എന്നതാണ്. സ്ഥൂലമായ മുതലാളിത്ത -സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ അതേവിധമുള്ള ചെറുത്തുനിൽപ്പുകൾ ഉണ്ടാകാതിരിക്കാനുള്ള ഒരു വ്യഖ്യാനമാണിതെന്നും കെടി കുഞ്ഞിക്കണ്ണൻ കൂട്ടിച്ചേർത്തു. 

ബത്ഹയിലെ അപ്പോളൊ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ ജയചന്ദ്രന്‍ നെരുവമ്പ്രം ലെറ്റ്ബെയ്റ്റിനെ കുറിച്ച് വിശദീകരിച്ചു. സംസ്കാരം ബഹുമുഖവും ബഹുസ്വരവുമാണെന്നും എന്നാല്‍ അതിനെ ഏകശിലാരൂപമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള സംഘര്‍ഷമാണ് ഇന്ത്യയിൽ നടക്കുന്നതെന്നും മോഡറേറ്റർ എം ഫൈസല്‍ പറഞ്ഞു. ടിആർ. സുബ്രഹ്മണ്യൻ, സതീഷ് കുമാർ, ഹരികൃഷ്ണൻ, അഷ്റഫ്, അബ്ദുൽ റസാഖ്, ശിഹാബ്, നിബു വർഗീസ്, റസൂൽ സലാം, നൗഫൽ പുവക്കുർശി, സീബ, നാസർ കാരക്കുന്ന്, ഗോപി, ഫെമിൻ, അജിത്, ഷെഫീഖ്, വിനയൻ, നയീം, പ്രഭാകരൻ, അമീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

കേളി രക്ഷാധികാരസമിതി ആക്ടിങ് സെക്രട്ടറി കെ.പി.എം. സാദിഖ് ചില്ലയുടെ ഉപഹാരം കെ.ടി. കുഞ്ഞിക്കണ്ണന് സമ്മാനിച്ചു. ബീന, ജോസഫ് അതിരുങ്കൽ, റഫീഖ് പന്നിയങ്കര, കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എന്നിവർ പെങ്കടുത്തു. ചില്ല കോഒാഡിനേറ്റര്‍ നൗഷാദ് കോര്‍മത്ത് നന്ദി പറഞ്ഞു.

click me!