സാംസ്‌കാരിക തനിമയും സാങ്കേതിക മുന്നേറ്റങ്ങളും സമന്വയിപ്പിച്ച് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍

By Web TeamFirst Published Oct 24, 2021, 5:26 PM IST
Highlights

ഇന്ത്യ ഊന്നല്‍ നല്‍കുന്ന ഐ ടി, സ്റ്റാര്‍ട്ടപ്പുകള്‍ അടങ്ങുന്ന 'ഇന്ത്യന്‍ ഇന്നൊവേഷന്‍ ഹബ്' പവലിയനിലെ മറ്റൊരു ആകര്‍ഷണമാണ്. പൗരാണിക ഇന്ത്യയും സാംസ്‌കാരിക തനിമയും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ഭാവിയും പുരോഗതിയും ഇന്ത്യന്‍ പവലിയനില്‍ പ്രതിഫലിപ്പിക്കുന്നു.

ദുബൈ: ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) ശ്രദ്ധ നേടി ഇന്ത്യന്‍ പവലിയന്‍(Indian pavilion). നാല് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യന്‍ പവലിയന്‍, എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക നിറവില്‍, 'മുന്നേറുന്ന ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്. 

അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ബാഹ്യരൂപകല്‍പ്പന. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശന പരിപാടികള്‍ നടക്കുക. കാലാവസ്ഥയും ജൈവവൈവിധ്യവും, ബഹിരാകാശം, നാഗരിക, ഗ്രാമീണ വികസനം, സഹിഷ്ണുതയും ഉള്‍ക്കൊള്ളലും, സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം എന്നിവ ഉള്‍പ്പെടുന്നതാണ് വിവിധ പ്രമേയങ്ങള്‍.

ദുബൈ എക്സ്പോയുടെ രണ്ടാം വാരം ഒഴുകിയെത്തിയത് ഏഴ് ലക്ഷത്തിലധികം സന്ദര്‍ശകര്‍

ഇന്ത്യ ഊന്നല്‍ നല്‍കുന്ന ഐ ടി, സ്റ്റാര്‍ട്ടപ്പുകള്‍ അടങ്ങുന്ന 'ഇന്ത്യന്‍ ഇന്നൊവേഷന്‍ ഹബ്' പവലിയനിലെ മറ്റൊരു ആകര്‍ഷണമാണ്. പൗരാണിക ഇന്ത്യയും സാംസ്‌കാരിക തനിമയും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളും ഭാവിയും പുരോഗതിയും ഇന്ത്യന്‍ പവലിയനില്‍ പ്രതിഫലിപ്പിക്കുന്നു. യോഗ, ആയുര്‍വേദം, സാഹിത്യം, കല, പൈതൃകം, വിനോദസഞ്ചാര മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് പവലിയനില്‍ ഒരുക്കിയിട്ടുള്ളത്. കളരിപ്പയറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ തനത് കലകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ നിര്‍മ്മിതികളെ കുറിച്ചുള്ള വിവരണങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് പ്രമുഖ കമ്പനി

ഇന്ത്യയുടെ വാണിജ്യ, വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള വേദിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പ്രശസ്ത ഇന്ത്യന്‍ കലാകാരന്മാര്‍ അണിനിരക്കുന്ന കലാനിശകള്‍, സാംസ്‌കാരിക പരിപാടികള്‍, ആഘോഷങ്ങള്‍, വിവിധ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ പവലിയനില്‍ അരങ്ങേറും. വെര്‍ച്വല്‍ റിയാലിറ്റി പോഡുകള്‍, ത്രിഡീ ഓഗ്മന്റഡ് റിയാലിറ്റി, എല്‍ഇഡി പ്രൊജക്ഷന്‍, വാക് ഇന്‍ എക്‌സിപീരിയന്‍ കിയോസ്‌കുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യയുടെ മനോഹര കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. എക്സ്പോ 2020ല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ സന്ദര്‍ശകരുടെ പ്രിയപ്പെട്ട പവലിയനുകളിലൊന്നായി ഇന്ത്യന്‍ പവലിയന്‍ മാറുകയാണ്. 
 

click me!