
റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഗള്‍ഫിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ 33ാമത് സമ്മേളനമായ സി.ബി.എസ്.ഇ ഗള്‍ഫ് സഹോദയ റിയാദില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സൗദി വിദ്യാഭ്യാസമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അനുകൂല സമീപനമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ഫലമായി വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ രീതികള്‍ അവലംബിച്ചുവരുന്നത് പുതിയൊരു മാറ്റമാണ്. ഇക്കാലയളവില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ പരിശീലനവും നല്‍കി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സൗദി അറേബ്യയും തമ്മില്‍ ധാരണകള്‍ നിലവിലുണ്ട്. പുതിയ ധാരണകളില്‍ ഒപ്പുവെക്കാനിരിക്കുകയുമാണ്. കേന്ദ്രീയ വിദ്യാലയത്തിന്റെ കീഴില്‍ സ്‌കൂളുകളും ഐ.ഐ.ടി മാതൃകയില്‍ സ്ഥാപനങ്ങളും സൗദിയില്‍ തുടങ്ങാന്‍ ആലോചനയുണ്ട്. 477 സ്‌കോളര്‍ഷിപ്പുകള്‍ സൗദി സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് അംബാസഡര്‍ പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളില്‍ റിയാദ് റൗദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗം ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍, യു.എ.ഇ രാജ്യങ്ങളിലെ 170 സ്‌കൂളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍, സി.ബി.എസ്.ഇ ചെയര്‍മാന്‍ മനോജ് അഹൂജ, സി.ബി.എസ്.ഇ ഗള്‍ഫ് സഹോദയ ചെയര്‍മാന്‍ ഡോ. സുഭാഷ് നായര്‍, സൗദി ചാപ്റ്റര്‍ കണ്‍വീനര്‍ മിറാജ് മുഹമ്മദ് ഖാന്‍, ഇന്ത്യന്‍ എംബസി പ്രസ് സെക്രട്ടറി അസീം അന്‍വര്‍, റിയാദ് ഇന്റര്‍നാഷല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശൗക്കത്ത് പര്‍വേസ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ