കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യന്‍ സ്ഥാനപതി

By Web TeamFirst Published Sep 29, 2020, 9:27 PM IST
Highlights

കുവൈത്തിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ നല്‍കിയ കരുതലും വാത്സല്യവും എന്നും സ്മരിക്കപ്പെടുമെന്ന് ഇന്ത്യന്‍ സ്ഥാനപതി.

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തിലെ ഇന്ത്യന്‍ സമൂഹം. മഹാനായ നേതാവും രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മനുഷ്യസ്നേഹിയുമായിരുന്നു കുവൈത്ത് അമീറെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് അനുസ്മരിച്ചു.

അറിവിന്‍റെയും യുക്തിയുടെയും ശബ്ദമായിരുന്നു അമീറെന്നും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അമീറിന്‍റെ മഹത്വത്തെ ഇന്ത്യന്‍ ജനത സ്നേഹപൂര്‍വം സ്മരിക്കും. കുവൈത്തിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ നല്‍കിയ കരുതലും വാത്സല്യവും എന്നും സ്മരിക്കപ്പെടുമെന്നും സിബി ജോര്‍ജ് പറഞ്ഞു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ജൂലൈയിലാണ് അമീറിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്.

Read More: ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

2014ൽ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിൻ്റെ ലോകനായക പട്ടം നൽകി ആദരിച്ചിരുന്നു. അദ്ദേഹം ലോകരാജ്യങ്ങൾക്കിടയിലെ സമാധാന ദൂതനായാണ് അറിയപ്പെടുന്നത്. കുവൈത്തിൽ എറ്റവും അധികം പ്രവാസികളുള്ള ഇന്ത്യയുമായി മികച്ച ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

 


 

click me!